തൃശൂർ: വാഹനാപകടത്തിൽ പിതാവ് മരിച്ചതിന് പിന്നാലെ 18 ദിവസം മാത്രം പ്രായമായ കുഞ്ഞും മരണപ്പെട്ടത് വെള്ളറക്കാടിനെ ദുഃഖത്തിലാഴ്‌ത്തി. വെള്ളറക്കാട് തറമേൽ ഞാലിൽ വീട്ടിൽ സുധീഷ്–മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3.55ഓടെ വീട്ടിൽ കുഞ്ഞിനെ മൂക്കിൽ നിന്ന് രക്തം വന്നതും ശരീരം തണുത്ത് മരവിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാമെന്നാണ് മരണത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തതയുണ്ടാകൂ. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിന്റെ പിതാവായ സുധീഷ് വാഹനാപകടത്തിൽ മരിച്ചത്. പിതാവിന്റെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകുന്നതിന് മുമ്പേ പിഞ്ചുകുഞ്ഞും മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്‌ത്തി.