‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെതിരെ പ്രഖ്യാപിച്ചിരുന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷത്തെ ഭയന്നാണെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. ഭരണത്തെ താഴെയിറക്കാമെന്ന കണക്കുകൂട്ടലാണ് എൽഡിഎഫിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫിനും യുഡിഎഫിനും ആവശ്യമായ അംഗബലമില്ലെന്നും, ഇരുകൂട്ടരും ഒരുമിച്ച് നിന്നാലും ബിജെപി ഭരണത്തെ അട്ടിമറിക്കാൻ കഴിയില്ലെന്നും കരമന ജയൻ ചൂണ്ടിക്കാട്ടി. അതേസമയം, കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ അവിശ്വാസ പ്രമേയം ആവശ്യപ്പെടുന്നത് രാഷ്‌ട്രീയമായി കൂടുതൽ ശ്രദ്ധ നേടാനാണെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ ജനങ്ങൾ വ്യക്തമായ ജനവിധിയിലൂടെയാണ് അധികാരത്തിലെത്തിച്ചത്. ആ ജനവിധിയെ അഞ്ച് വർഷം പൂർത്തിയാക്കാൻ അനുവദിക്കാതിരിക്കാനുള്ള രാഷ്‌ട്രീയ വാശിയാണ് എൽഡിഎഫും യുഡിഎഫും പ്രകടിപ്പിക്കുന്നത്. ജനങ്ങൾ എൽഡിഎഫിനെ തള്ളിക്കളഞ്ഞതിന്റെ ഫലമായാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിൽ മുൻ എൽഡിഎഫ് ഭരണകാലത്ത് വ്യാപക അഴിമതിയാണ് നടന്നത്. ചെറിയ വാങ്ങലുകളിൽ പോലും ക്രമക്കേടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ 45 വർഷത്തെ ഭരണകാലത്തെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും, അഴിമതി നടത്തിയിട്ടില്ലെന്ന് ആദ്യം എൽഡിഎഫ് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോർപ്പറേഷൻ കൗൺസിൽ യോഗം ചേരേണ്ട സമയത്ത് തന്നെ ചേരുമെന്നും, കൗൺസിൽ വിളിക്കാൻ ബിജെപിക്ക് യാതൊരു ഭയവുമില്ലെന്നും കരമന ജയൻ വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും, ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും പല വിഷയങ്ങളിലും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും, അതിന്റെ തുടക്കമാണ് തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്‌ട്രീയ സംഭവവികാസങ്ങൾ. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം ആർവത്തിച്ചു.

Share