തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്നും അതിനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ അംഗം പ്രവീൺകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയിൽ നിന്ന് പിന്മാറിയാൽ വിവിധ ഇനങ്ങളിലായി ഏകദേശം 2000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് നേരിടേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ 152 ബ്ലോക്കുകളിലായി 304 സ്കൂളുകൾക്ക് മൂന്ന് വർഷത്തേക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. ഇതുവഴി സംസ്ഥാനത്തിന് 900 കോടിയിലധികം രൂപ ലഭിക്കുമെന്നാണ് കണക്ക്.
ഇതിന് പുറമെ, പദ്ധതിയിൽ നിന്ന് പിന്മാറുമ്പോൾ മറ്റ് കേന്ദ്രഫണ്ടുകളും ലഭിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര ശിക്ഷ അഭിയാൻ കേരളയ്‌ക്ക് ലഭിക്കേണ്ട 1150 കോടി രൂപയും നഷ്ടമാകാൻ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ചേർത്ത് കണക്കാക്കുമ്പോൾ ഏകദേശം 2000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിക്കുക.
പി.എം ശ്രീ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്കൂളിനും ഒരു കോടി രൂപ വീതം ലഭിക്കും. ഓരോ തദ്ദേശ സ്വയംഭരണ ബ്ലോക്കിലും ഒരു എലമെന്ററി സ്കൂളും ഒരു സെക്കൻഡറി സ്കൂളുമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ ധനവിഹിതത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ച നടന്നതിന്റെ രേഖകൾ ലഭ്യമല്ലെന്നും, എന്നാൽ സർക്കാർ രൂപവത്കരിച്ച സെക്രട്ടറിമാരുടെ സമിതി പദ്ധതി അംഗീകരിക്കാമെന്ന ശുപാർശ നൽകിയിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു.