ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അടുത്തിടെ രൂപപ്പെട്ട ധാരണയുടെയും നിലവിലെ സാഹചര്യങ്ങളുടെയും വിശദാംശങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംഭാഷണത്തിനിടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
എല്ലാ തര്‍ക്കങ്ങള്‍ക്കും പരിഹാരം സംഭാഷണത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും കണ്ടെത്തണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. പശ്ചിമേഷ്യയില്‍ ദീര്‍ഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും, അന്താരാഷ്‌ട്ര സമുദ്രഗതാഗതത്തിന്റെയും ആഗോള വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇറാനും അമേരിക്കയും തമ്മിലുള്ള സമീപകാല ധാരണയ്‌ക്ക് പിന്നാലെ മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയും ഇറാന്‍ പ്രസിഡന്റും തമ്മിലുള്ള നിര്‍ണായക ഫോണ്‍ സംഭാഷണം നടന്നത്. സംഘര്‍ഷങ്ങള്‍ക്ക് സൈനിക നടപടികളല്ല, ചര്‍ച്ചയും നയതന്ത്രവുമാണ് ശാശ്വത പരിഹാരമെന്ന ഇന്ത്യയുടെ നിലപാട് ഒരിക്കല്‍ കൂടി പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.