പനാജി (ഗോവ): ഗോവയിലെ ബാഗ ബീച്ചിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള 33 വയസ്സുകാരനായ സഹസ് അഷ്ഫാഖ് മസാലിയാണ് മരിച്ചത്.
വിനോദ സഞ്ചാര യാത്രയുടെ ഭാഗമായി ഗോവയിലെത്തിയ ഇയാൾ ബാഗ ബീച്ചിലെ പാറയിൽ ഇരുന്ന് മൊബൈലിൽ ഫോട്ടോയും റീലുകളും എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതേസമയം കടൽ അതീവ പ്രക്ഷുബ്ധമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പെട്ടെന്ന് ഉയർന്ന ഭീമൻ തിരമാല ഇയാളെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തുടർന്ന് കടലിൽ കുടുങ്ങിയ മസാലി മുങ്ങിമരിച്ചു.ഇതിന്റെ വീഡിയോ ഇന്റെർനെറ്റിൽ വൈറലായി.
വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം മൃതദേഹം കരയ്‌ക്കടിഞ്ഞ നിലയിൽ കണ്ടെത്തി.
പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















