ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്‍പത്തിന് മനഃപൂര്‍വം കേടുവരുത്തി; ഗൂഢാലോചന നടന്നതായി എസ്‌ഐടി സംശയം

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. 2019-ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പത്തിന് കഴിഞ്ഞ വര്‍ഷം മനഃപൂര്‍വം കേടുപാടുകള്‍ വരുത്തി വീണ്ടും അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സംശയിക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈയിലെ സ്വര്‍ണം പൂശല്‍ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ, ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിന് പിന്നിലെന്നാണ് എസ്ഐടിയുടെ പ്രാഥമിക നിഗമനം.

അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്ത് ചുമതലയേറ്റതിന് പിന്നാലെ ഉണ്ണിക്കൃഷ്ണന്‍ പോറ്റി അദ്ദേഹത്തിന്റെ വിശ്വാസം നേടിയെന്നും തുടര്‍ന്ന് ബോര്‍ഡ് അംഗങ്ങളെയും സ്വാധീനിച്ചെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദേവസ്വം മാന്വലും ഹൈക്കോടതി ഉത്തരവുകളും മറികടന്ന് ദ്വാരപാലക ശില്‍പം വീണ്ടും അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

2019-ല്‍ സ്വര്‍ണം പൂശിയ ശില്‍പത്തിന് 40 വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരുന്നെങ്കിലും പുതിയ താങ്ങുപീഠം സ്ഥാപിക്കുന്നതിനിടെ കേടുപാടുകള്‍ സംഭവിച്ചെന്നാണ് അന്ന് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ താങ്ങുപീഠത്തിന്റെ അളവുകള്‍ കൃത്യമല്ലാത്തതിനാല്‍ അത് സ്ഥാപിക്കാനാകാതെ വന്നതും, ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ശില്‍പത്തിന്റെ കാലിന്റെ ഭാഗം പൊട്ടിയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ കേടുപാടുകള്‍ സ്വാഭാവികമല്ലെന്നും, വീണ്ടും അറ്റകുറ്റപ്പണിക്ക് അവസരമൊരുക്കാന്‍ മനഃപൂര്‍വം സൃഷ്ടിച്ചതാകാമെന്ന ശക്തമായ സംശയമാണ് എസ്ഐടി മുന്നോട്ടുവയ്‌ക്കുന്നത്. അതേസമയം, പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവില്‍ നടന്നതായി കണ്ടെത്തിയ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്. എന്നാല്‍ പുതിയ കേസ് എടുത്താല്‍ നടപടിക്രമങ്ങള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ നിലവിലെ കേസിനൊപ്പം അന്വേഷണം പൂര്‍ത്തിയാക്കി അധിക കുറ്റപത്രം സമര്‍പ്പിക്കുന്നതും എസ്ഐടി പരിശോധിച്ചുവരികയാണ്.

Share