കോഴിക്കോട്: നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് മാറിനൽകിയെന്ന ആരോപണത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. നാദാപുരം സർക്കാർ താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞ മാസം 23നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ നിന്ന് ഗുളിക മാറി ഉറക്കഗുളിക നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മരുന്ന് കഴിച്ചതിന് പിന്നാലെ ചന്ദ്രന്റെ ആരോഗ്യനില കൂടുതൽ വഷളായതായും ബന്ധുക്കൾ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ നിർദേശപ്രകാരം നാദാപുരം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്. നൽകേണ്ട ചികിത്സ മെഡിക്കൽ കോളേജിൽനിന്ന് നിർദേശിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടർ ചന്ദ്രന് ഉറക്കഗുളിക എഴുതി നൽകി. തുടർന്ന് ചന്ദ്രൻ അബോധാവസ്ഥയിലായി. മക്കൾ ഡോക്ടർമാരുമായി സംസാരിച്ചെങ്കിലും മറുപടി നൽകിയില്ല.
ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകി. ഇതേ വാർഡിൽ ചന്ദ്രൻ എന്ന മറ്റൊരു രോഗി ഉണ്ടായിരുന്നു. ഇയാൾക്ക് നൽകേണ്ട ഗുളിക മാറി നൽകി എന്നാണ് പരാതി. ഡ്യൂട്ടി ഡോക്ടർ ആശുപത്രി രേഖ തിരുത്തിയതായും പരാതിയിൽ പറയുന്നു.
തുർന്ന് ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ മകൾ ഗാന ചന്ദ്രൻ നേരത്തേ തന്നെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.