മലപ്പുറം: ഫുട്ബോൾ ടൂർണമെന്റുകളുടെ മാനേജർ എന്ന പേരിൽ ബന്ധം സ്ഥാപിച്ച് പോത്തുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ചങ്ങരംകുളം ചിറമംഗലം സ്വദേശി റഹാനസിനെയാണ് നാട്ടുകാർ തന്ത്രപൂർവ്വം ഒരുക്കിയ കെണിയിലൂടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
കുറ്റിപ്പുറം മേഖലയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ അഞ്ച് പോത്തുകളെ മോഷ്ടിച്ചതിന് പിന്നിൽ ഇയാളാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഫുട്ബോൾ ടൂർണമെന്റുകളും മറ്റ് കായിക പരിപാടികളും സംഘടിപ്പിക്കുന്ന മാനേജർ എന്ന നിലയിൽ പരിചിതനായിരുന്ന ഇയാൾ, ആ ബന്ധങ്ങൾ മറയാക്കി വിവിധ പ്രദേശങ്ങളിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നാണ് വിവരം.
തുടർച്ചയായി പോത്തുകളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് ഫുട്ബോൾ ടൂർണമെന്റിന്റെ അഡ്വാൻസ് തുക നൽകാമെന്ന് പറഞ്ഞ് ഫോണിലൂടെ എടപ്പാളിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്.
പട്ടാമ്പി, ചങ്ങരംകുളം, ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. മറ്റ് മോഷണ കേസുകളുമായി ബന്ധമുണ്ടോയെന്നും ഇയാൾക്കെതിരെ കൂടുതൽ പരാതികളുണ്ടോയെന്നും പരിശോധിക്കുകയാണ്.