പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവനോളം സ്വർണം കാണാതായ സംഭവത്തിൽ കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ. കൊണ്ടോട്ടി എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

കൃത്യവിലോപവുമായി ബന്ധപ്പെട്ട് അബ്ബാസ് അലി നേരത്തെയും വകുപ്പ് തല നടപടികൾ നേരിട്ടിട്ടുണ്ടെന്നാണ് വിവരം.

വിവിധ സ്ഥലങ്ങളിൽ നിന്ന് കളഞ്ഞുകിട്ടി പൊതുജനങ്ങൾ പൊലീസിനെ ഏൽപ്പിച്ച സ്വർണമാണ് കാണാതായത്. പൊതുസ്ഥലങ്ങളിലും കരിപ്പൂർ വിമാനത്താവള പരിസരത്തും നിന്ന് ലഭിച്ച സ്വർണാഭരണങ്ങളാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്. 2025 കാലഘട്ടത്തിലാണ് സ്വർണം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

2018ന് മുമ്പ് നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണമാലയും ബ്രേസ്ലറ്റും, 2024 ഒക്ടോബറിൽ ലഭിച്ച രണ്ട് മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവയും കാണാതായവയിൽ ഉൾപ്പെടുന്നു. ഇതിൽ ചില ആഭരണങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ചതുമാണ്.

കരിപ്പൂർ പൊലീസ് സ്റ്റേഷനെതിരെ മുമ്പും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ പുതിയ സംഭവം കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സ്വർണം കാണാതായ സംഭവത്തിന് പിന്നിൽ ലഹരി മാഫിയയ്‌ക്ക് പങ്കുണ്ടോയെന്ന ദിശയിലും അന്വേഷണം പുരോഗമിക്കുകയാണ്.

Share