താമരശ്ശേരി: വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ കേസിലെ മുഖ്യപ്രതിയായ രണ്ടാനച്ഛൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ രാജ്യം വിട്ടത്.
ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജമദ്യവും, ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവും പൊലീസ്, എക്‌സൈസ് സംഘങ്ങൾ ചേർന്ന് പിടിച്ചെടുത്തിരുന്നു.
ജൂൺ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലെ ഒരു കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സഹപാഠിയായ മറ്റൊരു വിദ്യാർഥി വ്യാജമദ്യം എത്തിച്ചു നൽകിയതായുള്ള വിവരം പൊലീസിന് ലഭിച്ചത്.
പല കുട്ടികൾക്കും സമാന രീതിയിൽ വാറ്റ് ചാരായം എത്തിച്ചു നൽകിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് ബന്ധപ്പെട്ട വിദ്യാർഥിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, രണ്ടാനച്ഛന് നാടൻവാറ്റ് കേന്ദ്രമുണ്ടെന്നും, ചാരായ നിർമാണവുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക് തന്നെ വിളിക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തിയത്.