കാസർഗോഡ്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് കനത്ത സാമ്പത്തിക നഷ്ടം നേരിടുന്നതായി ചൂണ്ടിക്കാട്ടി കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിനായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സർക്കാരിന് മുന്നിൽ വിവിധ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതിനെതിരെ സ്വകാര്യ ബസുടമകൾ നേരത്തേ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ തീരുമാനം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ സമതുലിതാവസ്ഥ തകർക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് യുഡിഎഫ് സർക്കാർ ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ് മേഖലയ്‌ക്ക് വലിയ തിരിച്ചടിയുണ്ടായെന്നാണ് ബസുടമകളുടെ ആരോപണം.















