ന്യൂഡല്‍ഹി: കായികരംഗത്തെ ഡോപ്പിങ് മാഫിയയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ദേശീയ ആന്റി-ഡോപ്പിങ് നിയമത്തില്‍ നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡോപ്പിങ് കേസുകള്‍ക്ക് ക്രിമിനല്‍ സ്വഭാവം നല്‍കുന്നതിലൂടെ കായികതാരങ്ങളെ മാത്രമല്ല, ഡോപ്പിങ് പ്രോത്സാഹിപ്പിക്കുന്ന മുഴുവന്‍ ശൃംഖലയെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
നിലവില്‍ ഡോപ്പിങ് നിയമലംഘനം നടത്തുന്ന താരങ്ങള്‍ക്കെതിരെ സസ്‌പെന്‍ഷന്‍, അയോഗ്യത തുടങ്ങിയ കായിക നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ പരിശീലകര്‍, ട്രെയിനര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, നിരോധിത മരുന്നുകള്‍ എത്തിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍ തുടങ്ങി ഡോപ്പിങ്ങിന് പിന്നിലെ മുഴുവന്‍ സംഘത്തിനെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍ വ്യവസ്ഥയുണ്ടാകും.
കഴിഞ്ഞ നാല് വര്‍ഷമായി ലോക അത്ലറ്റിക്സില്‍ ഡോപ്പിങ് നിയമലംഘനങ്ങളില്‍ ഏറ്റവും മോശം റെക്കോര്‍ഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022 മുതല്‍ 2025 വരെ അത്ലറ്റിക്സില്‍ മാത്രം 212 ആന്റി-ഡോപ്പിങ് റൂള്‍ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡോപ്പിങ് നടത്തുന്ന താരങ്ങളെ മാത്രം ശിക്ഷിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ ഡോപ്പിങ്ങിന് പിന്നിലെ സംഘടിത ശൃംഖല തകര്‍ക്കുകയാണ് പുതിയ നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, 2026 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ളവര്‍ക്കു മാത്രമേ അവസരം ലഭിക്കൂവെന്ന് കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. സര്‍ക്കാര്‍ ജോലി നേടാനുള്ള ‘എക്‌സ്‌പോഷര്‍ ടൂര്‍’ അല്ല ഏഷ്യന്‍ ഗെയിംസെന്നും, രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിക്കാന്‍ കഴിയുന്ന താരങ്ങളെയാണ് തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് 2026 ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡായ 107 മെഡലുകള്‍ നേടി ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു.















