ഓപ്പണിങ് ഓഫര്‍ പണിയായി; ഷവര്‍മഷവായ കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കോംബോ ഓഫറില്‍ ഷവായയും ഷവര്‍മയും വാങ്ങി കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടയ്‌ക്കാവൂര്‍ തെക്കുംഭാഗത്ത് എസ്.ആര്‍.വി എല്‍.പി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ‘സിഗ്‌നേച്ചര്‍ ഡിഷസ്’ എന്ന ഭക്ഷണശാലയില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് അടുത്തിടെയാണ് ഭക്ഷണശാല പ്രവര്‍ത്തനം ആരംഭിച്ചത്. ഓപ്പണിങ് ഓഫറിന്റെ ഭാഗമായി ഷവായയും ഷവര്‍മയും കോംബോ ഓഫറില്‍ നല്‍കിയിരുന്നു. ഇത് വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചവരിലാണ് കൂടുതലും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറിളക്കം, ഛര്‍ദ്ദി, തലകറക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെ ആളുകള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും കടയ്‌ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആകെ 21 പേര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് കടയ്‌ക്കാവൂര്‍ പഞ്ചായത്തിലും പോലീസിലും പരാതി ലഭിച്ചു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഭക്ഷണശാല അടപ്പിച്ചു. ആവശ്യമായ ലൈസന്‍സും രേഖകളും ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Share