അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Published by
ജനം വെബ്‌ഡെസ്ക്

മെക്‌സിക്കോ സിറ്റി: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഉയര്‍ന്ന പ്രദേശത്തെ ശാരീരിക വെല്ലുവിളികള്‍ മറികടക്കാന്‍ മെഡിക്കല്‍ ടീം പ്രത്യേക പദ്ധതി തയ്യാറാക്കി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 7,350 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ കളിക്കേണ്ട സാഹചര്യത്തില്‍, ആവശ്യമായാല്‍ വയാഗ്ര ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന പ്രദേശങ്ങളിലെ കുറഞ്ഞ ഓക്‌സിജന്‍ അളവ് കളിക്കാരെ വേഗത്തില്‍ ക്ഷീണിതരാക്കാന്‍ സാധ്യതയുണ്ട്. രക്തക്കുഴലുകള്‍ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്ന മരുന്നായതിനാല്‍ ഓക്‌സിജന്‍ കുറവുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ വയാഗ്ര സഹായിക്കുമെന്നാണ് ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിന്റെ വിലയിരുത്തല്‍.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിച്ച മരുന്നുകളുടെ പട്ടികയില്‍ വയാഗ്ര ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സമില്ല. ജൂലൈ ആറിന് മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും മെക്‌സിക്കോയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടം.

മെക്‌സിക്കോയ്‌ക്ക് ഏറ്റവും കരുത്തുറ്റ വേദികളിലൊന്നാണ് എസ്റ്റാഡിയോ അസ്റ്റെക്ക. ഇവിടെ കളിച്ച 89 മത്സരങ്ങളില്‍ വെറും രണ്ട് തവണ മാത്രമാണ് ആതിഥേയര്‍ തോല്‍വി വഴങ്ങിയത്. ഈ ലോകകപ്പിലും നാല് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തോടെയാണ് മെക്‌സിക്കോ നോക്കൗട്ടിലെത്തുന്നത്. അതേസമയം, റൗണ്ട് ഓഫ് 32ല്‍ ഡിആര്‍ കോംഗോയ്‌ക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം നായകന്‍ ഹാരി കെയ്നിന്റെ ഇരട്ടഗോളിന്റെ കരുത്തില്‍ 2-1ന് ജയിച്ചാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

Share