മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തും ജീവിതപങ്കാളിയുമായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. ജൂലൈ 5-ന് മുംബൈയിലെ ബാന്ദ്രയിലുള്ള ആമിറിന്റെ വസതിയില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായ രജിസ്റ്റര്‍ വിവാഹമായിരുന്നു.
ആമിറിന്റെയും ഗൗരിയുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം മക്കളും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു. ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വിവാഹത്തിന് മുന്നോടിയായി വീട്ടിലെത്തിയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി. സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍, നടി എല്ലി അവ്റാം എന്നിവരുള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയര്‍ ചടങ്ങില്‍ ജൂലൈ 5-ന് വിവാഹിതനാകുമെന്ന് ആമിര്‍ തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ആമിറും ഗൗരിയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളുടെ സൗഹൃദത്തിലൂടെയാണ് പ്രണയമായി വളര്‍ന്നത്. ഏകദേശം 25 വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും 2024-ല്‍ ആമിറിന്റെ ബന്ധുവായ നുസ്രത് ഖാന്‍ വഴിയാണ് വീണ്ടും അടുത്തത്.
പിന്നീട് ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. കഴിഞ്ഞ വര്‍ഷം തന്റെ 60-ാം ജന്മദിനാഘോഷത്തിനിടെ ഗൗരിയെ ജീവിതപങ്കാളിയായി ആമിര്‍ ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഗൗരി പിന്നീട് മുംബൈയിലേക്ക് താമസം മാറി. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ബാന്ദ്രയിലെ വസതിയില്‍ ഒരുമിച്ചായിരുന്നു താമസം. നിലവില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും ഗൗരി സജീവമായി പങ്കാളിയാണ്.
ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. 1986-ല്‍ റീന ദത്തയെ വിവാഹം ചെയ്ത താരം 2002-ല്‍ വേര്‍പിരിഞ്ഞു. ആ ബന്ധത്തില്‍ ജുനൈദ് ഖാനും ഇറ ഖാനും ജനിച്ചു. പിന്നീട് 2005-ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്ത ആമിറിന് ആസാദ് എന്ന മകനുണ്ട്. 2021-ല്‍ വിവാഹമോചനം നേടിയെങ്കിലും മകന്റെ കാര്യങ്ങളിലും വിവിധ പ്രൊഫഷണല്‍ പദ്ധതികളിലും ആമിറും കിരണ്‍ റാവുവും ഇന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ആമിര്‍-ഗൗരി വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്തുനിന്നും ആരാധകരില്‍നിന്നും സാമൂഹികമാധ്യമങ്ങളിലൂടെയും ആശംസാപ്രവാഹമാണ് ഉയരുന്നത്.