തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കിടയാക്കിയ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി ലോ അക്കാദമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചു. അക്കാദമിക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയും സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയും അനധികൃതമായി കൈയേറിയതായാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
ലോ അക്കാദമി ഡയറക്ടറും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായരും കുടുംബവുമാണ് ഭൂകയ്യേറ്റത്തിന് പിന്നിൽ. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരൻ കോലിക്കോട് നാരായണൻ നായരാണ് ലോ അക്കാദി സ്ഥാപിച്ചത്. കൈവശപ്പെടുത്തിയ ഭൂമിയുടെ ആകെ വിപണിമൂല്യം 600 കോടിയിലധികം വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
റവന്യൂ വകുപ്പിന്റെ പരിശോധനയിൽ, പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമിയിൽ സ്ഥിരനിർമാണങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ ഒരു ഭാഗം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും ബാങ്ക്, ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ.
പഴയ വിവാദങ്ങൾ വീണ്ടും ചർച്ചയിലേക്ക്
തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആദ്യമായല്ല ഉയരുന്നത്. വർഷങ്ങളായി അക്കാദമിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം, പാട്ടവ്യവസ്ഥ ലംഘനം, സർക്കാർ ഭൂമിയുടെ ഉപയോഗം എന്നിവ ചർച്ചാവിഷയമായിരുന്നു.
2017-ൽ ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരകാലത്ത് ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പാട്ടക്കരാറുകളും വലിയ രാഷ്‌ട്രീയ വിവാദമായി മാറിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായി സർക്കാർ അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം അന്നും പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും ശക്തമായി ഉന്നയിച്ചിരുന്നു.
തുടർന്ന് വിവിധ തലങ്ങളിൽ പരിശോധനകളും റിപ്പോർട്ടുകളും ഉണ്ടായെങ്കിലും ഭൂമി തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികൾ കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. ഇപ്പോഴത്തെ റവന്യൂ വകുപ്പിന്റെ കണ്ടെത്തലുകൾ പഴയ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ്.
റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ നിർണായകം
അക്കാദമിക്ക് പാട്ടത്തിന് നൽകിയ ഭൂമിക്ക് പുറമേ സർക്കാർ പുറമ്പോക്ക് ഭൂമിയും കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പ് സ്ഥിരീകരിച്ചതോടെ വിഷയം കൂടുതൽ ഗുരുതരമായിരിക്കുകയാണ്. സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണങ്ങൾ നടത്തിയിട്ടുണ്ടോ, വാണിജ്യ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തനം ആരംഭിച്ചു, സർക്കാരിന് സാമ്പത്തിക നഷ്ടം എത്രയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണ്ടിവരും.
ഇതിനിടെ, അനധികൃത കയ്യേറ്റം തെളിഞ്ഞാൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള നടപടികൾ റവന്യൂ വകുപ്പ് ആലോചിക്കുന്നതായാണ് സൂചന. സംഭവത്തിൽ റവന്യൂ വകുപ്പിന്റെ അന്തിമ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടികളും നിർണായകമാകും.