ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിൽ ഉണ്ടായ രൂക്ഷ കലാപത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മരിച്ചവരിൽ നാല് ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെഗോംബോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലർക്കും ഗുരുതരമായി വെടിയേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ജയിലിനുള്ളിൽ ഒരു വിഭാഗം തടവുകാർ നടത്തിയ സംഘടിത ആക്രമണത്തെ തുടർന്നാണ് അക്രമം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ സംഘർഷം അവസാനിപ്പിക്കാൻ സുരക്ഷാസേന വെടിവെപ്പ് നടത്തിയതായാണ് വിവരം.

ശനിയാഴ്ച ആരംഭിച്ച അക്രമസംഭവങ്ങൾ താൽക്കാലികമായി നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച വീണ്ടും സംഘർഷം രൂക്ഷമാകുകയായിരുന്നു. കലാപത്തെത്തുടർന്ന് ജയിലിന് പുറത്തും സംഘർഷാവസ്ഥയുണ്ടായി. തടവുകാരുടെ ബന്ധുക്കൾ ജയിലിന് മുന്നിൽ തടിച്ചുകൂടിയതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

സംഭവത്തിൽ ജയിൽ വകുപ്പ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ കമ്മീഷണർ ജനറലിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജയിൽ വകുപ്പ് മാധ്യമവക്താവ് അറിയിച്ചു. അക്രമത്തിന്റെ കാരണം, സാഹചര്യങ്ങൾ, സുരക്ഷാ വീഴ്ചകൾ എന്നിവ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ പ്രത്യേക പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നെഗോംബോ ജയിലിലെ കലാപത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നീതിന്യായ മന്ത്രി ഹർഷണ നാനായക്കര ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Share