പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: പഴനിയിലെ അരുൾമിഗു ദണ്ഡായുതപാണി സ്വാമി ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ യാത്രയ്‌ക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഇനി മുൻകൂട്ടി ഓൺലൈനായി സമയസ്ലോട്ട് തിരഞ്ഞെടുത്ത് റോപ്പ്‌വേ യാത്ര ബുക്ക് ചെയ്യാനാകും.

ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ബുക്കിംഗ് നടത്താം. ഒരാൾക്ക് 100 രൂപയാണ് നിരക്ക്. അടിവാരത്ത് നിന്ന് കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിലേക്കുള്ള ഏകദിശ (വൺവേ) യാത്രയ്‌ക്കാണ് ഈ നിരക്ക് ബാധകം.

ഓൺലൈൻ ബുക്കിംഗ് നടത്തിയ 50 ഭക്തർക്ക് രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 12 വരെ യാത്ര ചെയ്യാം. വൈകിട്ട് 5 മുതൽ 7 വരെ മറ്റൊരു 50 പേർക്കും പ്രവേശനം അനുവദിക്കും.

ഇതിനൊപ്പം, ക്ഷേത്രത്തിലെ ദിവസേന നടക്കുന്ന ആറ് പൂജകളിൽ പങ്കെടുക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓരോ പൂജയ്‌ക്കും അഞ്ച് ഓൺലൈൻ ടിക്കറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ താമസസൗകര്യത്തിനായുള്ള ഓൺലൈൻ മുറി ബുക്കിംഗ് സംവിധാനവും ഉടൻ ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

Share