ചെന്നൈ: പ്രായപൂർത്തിയാകാത്ത മകനെ ഇരുചക്ര വാഹനം ഓടിക്കാൻ അനുവദിച്ച പിതാവിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. മകൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ 54-കാരി ചികിത്സയ്‌ക്കിടെ മരിച്ചതിനെ തുടർന്നാണ് നടപടി.
ജൂൺ 28-ന് പുളിയന്തോപ്പ് മെയിൻ റോഡിലെ ഒരു സ്വകാര്യ സ്കൂളിന് സമീപമാണ് അപകടം നടന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പുളിയന്തോപ്പ് സ്വദേശിനി മധുര (54)യെ എതിർദിശയിൽ നിന്ന് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മധുരയെ സർക്കാർ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിച്ചു.
തുടർന്ന് കേസ് അശ്രദ്ധമായ വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന വകുപ്പുകൾ ഉൾപ്പെടുത്തി പുനഃരജിസ്റ്റർ ചെയ്തു. പുളിയന്തോപ്പ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് നടത്തിയ അന്വേഷണത്തിൽ അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്നത് 17 വയസ്സുള്ള വിദ്യാർഥിയാണെന്ന് കണ്ടെത്തി.
ഇതിനെ തുടർന്ന് വിദ്യാർഥിയുടെ പിതാവായ പുളിയന്തോപ്പ് സ്വദേശി അമീർജൻ (42) അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കരുതെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ചെന്നൈ ട്രാഫിക് പോലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.















