തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും പർച്ചേസുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ വിദഗ്ധ സമിതി രൂപീകരിക്കാൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന അന്വേഷണ സമിതി രൂപീകരിച്ച് രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ, ആരോഗ്യവകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നിർദേശം. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ, സ്ഥാപിക്കൽ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ പ്രവർത്തനാവസ്ഥ എന്നിവ സമഗ്രമായി പരിശോധിക്കും.
പ്ലാൻ ഫണ്ട്, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY), മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിലൂടെ വാങ്ങിയ ഉപകരണങ്ങളും, കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ തുടങ്ങിയവയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തും.
വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചില ഉപകരണങ്ങൾ സ്ഥാപിക്കാതെയും കമ്മീഷൻ ചെയ്യാതെയും കിടക്കുന്നതായും, ചിലത് വേണ്ടവിധം പരിപാലിക്കാത്തതിനാൽ പ്രവർത്തനരഹിതമായതായും റിപ്പോർട്ടുകളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അടുത്തിടെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മൊബൈൽ മോർച്ചറി ഉൾപ്പെടെ ഉയർന്ന മൂല്യമുള്ള നിരവധി മെഡിക്കൽ ഉപകരണങ്ങൾ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതായി നേരിട്ട് ബോധ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാനത്തെ മറ്റ് സർക്കാർ ആശുപത്രികളിലും സമാന സാഹചര്യമുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
അന്വേഷണത്തിൽ ഉത്തരവാദികളെ വ്യക്തമായി കണ്ടെത്തി തുടർനടപടികൾക്കായുള്ള ശുപാർശകൾ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.