കോഴിക്കോട്: വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 4.740 ഗ്രാം എംഡിഎംഎയുമായി യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂര്‍ സ്വദേശി തടപ്പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (38) ആണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടൂളി സെന്‍ട്രല്‍ ജങ്ഷന് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കോട്ടൂളി, തൊണ്ടയാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ചില്ലറ തോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. സ്വയം ലഹരിമരുന്ന് ഉപയോഗിക്കുന്ന പ്രതി, സ്വന്തം ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനായും ഈ കച്ചവടം നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണ്. എംഡിഎംഎ എത്തിച്ച ഉറവിടവും ഇത് വിതരണം ചെയ്തിരുന്ന ആളുകളെയും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. തുളസി, എ.എസ്.ഐ. പ്രജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സുരാഗ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.