പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

Published by
ജനം വെബ്‌ഡെസ്ക്

ജക്കാര്‍ത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി സമ്മാനിച്ചു. വിദേശ രാഷ്‌ട്രത്തലവന്മാര്‍ക്കും ഭരണാധികാരികള്‍ക്കും ഇന്തോനേഷ്യ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ബിന്താങ് റിപ്പബ്ലിക് ഇന്‍ഡൊനീഷ്യ ആദിപൂര്‍ണ’ പുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത്. ഇന്തോനേഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഈ പരമോന്നത ബഹുമതി നല്‍കുന്നതെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തിന് നല്‍കിയ അസാധാരണമായ സംഭാവനകളും മികച്ച നയതന്ത്ര ബന്ധങ്ങളും പരിഗണിച്ചാണ് വിദേശ രാഷ്‌ട്രത്തലവന്‍മാര്‍ക്ക് ഈ പുരസ്‌കാരം നല്‍കുന്നത്. ഇന്തോനേഷ്യയുമായുള്ള സഹകരണം പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളില്‍ ശക്തിപ്പെടുത്തുന്നതില്‍ മോദിയുടെ പങ്ക് നിര്‍ണായകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജക്കാര്‍ത്തയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഈ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് നടന്ന ഔദ്യോഗിക ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് പുരസ്‌കാരം സമ്മാനിച്ചു.

ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പരമോന്നത ദേശീയ ബഹുമതികള്‍ ഏറ്റുവാങ്ങുന്ന നേതാക്കളില്‍ ഒരാളായി മോദി വീണ്ടും ശ്രദ്ധേയനായി. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഗ്രീസ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെ 27 രാജ്യങ്ങള്‍ ഇതിനകം തന്നെ അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതികളോ പ്രമുഖ ദേശീയ പുരസ്‌കാരങ്ങളോ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ അംഗീകാരമാണ് ഇന്തോനേഷ്യയുടെ ‘ബിന്താങ് റിപ്പബ്ലിക് ഇന്‍ഡൊനീഷ്യ ആദിപൂര്‍ണ’ പുരസ്‌കാരം.

Share