ലാഹോർ: രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രിയുടെ ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. വിദേശകാര്യമന്ത്രി കൂടിയായ ഇഷാഖ് ദാറിന്റെ ചെറുമകൻ മുഹമ്മദ് റാസ ദാർ ആണ് പിടിയിലായത്. മുഹമ്മദ് റാസ ദാറിനെ ഇരകൾ തിരിച്ചറിഞ്ഞതായി അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഹസൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. നാലുപേരെയും ലാഹോറിലെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ജൂൺ 29-നാണ് നെതർലൻഡ്സ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യുവതികൾ ലാഹോറിൽ കൂട്ടബലാത്സംഗത്തിന് ഇരായായത്. സ്പെയ്ൻ സ്വദേശിനിയുടെ പിതാവ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
യുവതികൾക്ക് പാകിസ്ഥാനിലേക്ക് ബിസിനസ് വിസ തരപ്പെടുത്തി കൊടുത്തത് മുഹമ്മദ് റാസ ദാർ ആണ്. ലാഹോറിലെത്തിയ യുവതികളെ പ്രതികൾ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവം പാകിസ്ഥാനിൽ വലിയ രാഷ്‌ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തിൽ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ രാജിവെക്കണമെന്ന് പാകിസ്ഥാൻ സെനറ്റർ ഫൈസൽ വാവ്ഡ ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായയെ സംഭവം ബാധിച്ചെന്നും, ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇഷാഖ് ദാർ പദവിയിൽ തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.