മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതായും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരിതത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള സഹായം എത്രയും വേഗം നൽകണം. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ എല്ലാ പിന്തുണയും ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിക്കുന്നു.

അതേ സമയം അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയിൽ കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ല.

ജൂൺ 25-ന് നടന്ന യോഗത്തിന്റെ മിനിറ്റ്സ് പ്രകാരം നിർമാണ സ്ഥലത്ത് ഏകദേശം ഒരു ലക്ഷം ക്യുബിക് മീറ്റർ മണ്ണ് കെട്ടിക്കിടക്കുന്നതായി വിലയിരുത്തിയിരുന്നു. ഈ മണ്ണ് മാറ്റുന്നതിനായി അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നതായും രേഖകളിൽ വ്യക്തമാകുന്നുണ്ട്. അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞിട്ടും സമയബന്ധിതമായ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

ശക്തമായ മഴ ഉണ്ടായാൽ തൊഴിലാളികളെയും സമീപവാസികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള തീരുമാനവും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ അത് ഫലപ്രദമായി നടപ്പാക്കിയില്ല. മുന്നറിയിപ്പുകളും തീരുമാനങ്ങളും കടലാസിൽ മാത്രം ഒതുങ്ങിയതാണ് ഇന്നത്തെ ദുരന്തത്തിലേക്ക് നയിച്ചത്.

പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സർക്കാർ വാദം പച്ചക്കള്ളമാണ്. തുരങ്കപാത നിർമാണത്തിന്റെ മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് ഡിവിഷനായിരുന്നു. കരാറുകാരൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും സർക്കാർ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്നും ഉറപ്പാക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്തമാണ്. നിർദേശം പാലിക്കപ്പെട്ടില്ലെങ്കിൽ പ്രവൃത്തി നിർത്തിവച്ച് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് ഉദ്യോഗസ്ഥരായിരുന്നു. അത് ചെയ്യാതെ ഇപ്പോൾ മുഴുവൻ പഴിയും കരാർ കമ്പനിയുടെ മേൽ ചുമത്തുന്നത് സ്വന്തം വീഴ്ച മറയ്‌ക്കാനുള്ള ശ്രമം മാത്രമാണ്, ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു .

Share