കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതും കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടതും പരിഗണിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 8) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്‌ക്കാണ് അവധി ബാധകമാകുക.
അതേസമയം, സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.















