തിരുവനന്തപുരം: യുവജനങ്ങളുടെ വ്യക്തിത്വ വികസനം, തൊഴിൽക്ഷമത, നൈപുണ്യ പരിശീലനം, കരിയർ മാർഗനിർദേശം, മെന്ററിംഗ്, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുവപരിപാലൻ മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘യുവപരിപാലൻ ആപ്പ്’ തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രകാശനം ചെയ്യും.
കേരള സർക്കാർ തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. യുവജനങ്ങൾക്ക് പഠനം, തൊഴിൽ, ഡിജിറ്റൽ നൈപുണ്യം, സംരംഭകത്വം, നേതൃത്വ പരിശീലനം, സ്കോളർഷിപ്പ് വിവരങ്ങൾ, കരിയർ മാർഗനിർദേശം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുക എന്നതാണ് ആപ്പിന്റെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ മുഹമ്മദ് ഷാഫി ഐപിഎസ്, അനൂപ് അംബിക, ആർ. ജെ. മോഹൻ പിള്ള, ജോബിൻ എസ്. കോട്ടാരം, കരീം പന്നിത്തടം, സുധാകരൻ ഐഎഎസ്, എസ് ജ്യോതിസ് ചന്ദ്രൻ, പ്രജോദ് പി. രാജ്,രഞ്ജിത് കാഞ്ഞിരത്തിൽ, ആറളം അബ്ദുൽ റഹ്മാൻ ഹാജി, ബിജു എ. ശിവാനന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി “Indian Civil Services – A Career for Nation Building” എന്ന വിഷയത്തിൽ ജോബിൻ എസ്. കോട്ടാരം പ്രത്യേക പ്രഭാഷണം നടത്തും. രാജ്യനിർമ്മാണത്തിൽ സിവിൽ സർവീസിന്റെ പങ്ക്, യുവജനങ്ങൾക്ക് ഈ മേഖലയിലെ അവസരങ്ങൾ, മത്സരപരീക്ഷാ തയ്യാറെടുപ്പിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിക്കും.
സാങ്കേതികവിദ്യയും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച് യുവജനങ്ങൾക്ക് പഠനം, തൊഴിൽ, സംരംഭകത്വം, വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, സമൂഹസേവനം എന്നിവയ്‌ക്കായുള്ള സമഗ്ര ഡിജിറ്റൽ വേദി ഒരുക്കുകയെന്നതാണ് യുവപരിപാലൻ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, യുവജനങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് യുവപരിപാലൻ ഫൗണ്ടർ ആൻഡ് ചീഫ് വിഷണറി ബിജു എ. ശിവാനന്ദൻ അറിയിച്ചു.