ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർഥിനി സാവരിയയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ ഉയരുന്നതിനിടെ, പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ന് നാട്ടിലെത്താൻ സാവരിയ വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും കുടുംബം അറിയിച്ചു. എന്നാൽ അതിന് മുമ്പാണ് ദുരൂഹ സാഹചര്യത്തിൽ മരണം സംഭവിച്ചത്.

കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സാവരിയയുടെ മൃതദേഹത്തിന്റെ റീപോസ്റ്റ്മോർട്ടം ഇന്ന് രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളും ആക്രമണത്തിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

പ്രതിയായ പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം മുൻപും സാവരിയയെ ഉപദ്രവിച്ചിരുന്നതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാവരിയയുടെ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി റീപോസ്റ്റ്മോർട്ടം ആവശ്യപ്പെടുകയായിരുന്നു.

ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ സാവരിയയോടൊപ്പം പഠിച്ചിരുന്ന സഹപാഠികളും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ, പ്രതി നേരത്തെയും സാവരിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവദിവസം സാവരിയ താഴെ വീണുവെന്നാണ് പറഞ്ഞ് പ്രതി ആശുപത്രിയിലെത്തിച്ചെങ്കിലും, തുടക്കത്തിൽ കുറ്റം സമ്മതിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. റീപോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Share