പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ ലൈംഗിക പീഡനപരാതിയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്ഐ ജയ്‌മോനെ സ്ഥലംമാറ്റിയപ്പോള്‍, സി.ഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറി.
കേസുമായി ബന്ധപ്പെട്ട് ഹൃദ്രോഗിയായ 20-കാരനെയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറോളം പേരെയുമാണ് കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന പാട്ടം സ്വദേശിയായ യുവാവിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ബൂട്ട് കൊണ്ട് ചവിട്ടുകയും ചെവിയിലും തലമുടിയിലും പിടിച്ചുവലിക്കുകയും ചെയ്തതായി യുവാവ് ആരോപിച്ചു. ഹൃദ്രോഗിയാണെന്ന് അറിയിച്ചിട്ടും മര്‍ദനം തുടര്‍ന്നുവെന്നും അദ്ദേഹം ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കസ്റ്റഡിയിലായ വിദ്യാര്‍ഥികളും പൊലീസ് മര്‍ദിച്ചതായി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കൂടല്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതിയെ തുടര്‍ന്ന് നിരവധി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി വ്യാജ പീഡനപരാതി നല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരായ മര്‍ദനാരോപണങ്ങളും വലിയ വിവാദമായി മാറിയത്.