കൊല്ലൂർ: കേരള മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു ക്ഷേത്രത്തിലെത്തിയത്. സെഡ് പ്ലസ് സുരക്ഷാ അകമ്പടിയിലായിരുന്നു സന്ദർശനം. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഭാരവാഹികളും പൂർണകുംഭം നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ക്ഷേത്രത്തിലെ വിശേഷാൽ പൂജകളിലും ചണ്ഡികാഹോമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. പൂജകൾക്ക് ശേഷം ദേവിക്ക് മുന്നിൽ പ്രത്യേക പ്രാർഥന നടത്തിയ അദ്ദേഹം ക്ഷേത്രസന്നിധിയിൽ കുറച്ചുസമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. രാത്രി തന്നെ കൊല്ലൂരിലെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ തങ്ങിയിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കൊല്ലൂരിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ദർശനമായതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുൻപും വി.ഡി. സതീശൻ മൂകാംബിക ദർശനം നടത്തിയിരുന്നു. എല്ലാ മാസവും ക്ഷേത്രത്തിൽ എത്തി പ്രാർഥിക്കുന്നത് അദ്ദേഹത്തിന്റെ പതിവാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. പൂജകൾ പൂർത്തിയാക്കിയ ശേഷം മംഗളൂരു വഴി ബെംഗളൂരുവിലേക്കാണ് അദ്ദേഹം യാത്ര തുടർന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശക്തിപീഠങ്ങളിലൊന്നായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം കലകളുടെയും വിദ്യയുടെയും അധിഷ്ഠാത്രി ദേവിയായ മൂകാംബികയുടെ സന്നിധിയാണ്. വിദ്യാരംഭം, പരീക്ഷകൾ, കലാരംഗത്തെ പുതിയ തുടക്കങ്ങൾ എന്നിവയ്‌ക്കായി പ്രതിവർഷം ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഇവിടെ എത്താറുണ്ട്.