137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവം ; അന്വേഷണത്തിന് റെയിൽവേ; റിപ്പോർട്ട് 48 മണിക്കൂറിനകം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: നൂറിലേറെ വർഷങ്ങളുടെ ചരിത്രമുണ്ടായിരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 137 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ടവർ അപകടാവസ്ഥയിലാണെന്ന് മൂന്ന് മുതൽ നാല് മാസം മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നു റിപോർട്ടുണ്ട്. കെട്ടിടത്തിന്റെ അടിവരെ രണ്ട് സെന്റിമീറ്റർ വീതിയുള്ള വിള്ളൽ കണ്ടെത്തിയിരുന്നുവെന്നും, പൊളിച്ചുമാറ്റാൻ നടപടികൾ ആരംഭിച്ചെങ്കിലും അത് സമയബന്ധിതമായി പൂർത്തിയാക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.

വ്യാഴാഴ്ച രാവിലെ 11.10-ഓടെയാണ് ക്ലോക്ക് ടവർ തകർന്നുവീണത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് കൂറ്റൻ കല്ലുകളും അവശിഷ്ടങ്ങളും പതിച്ചത്. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്നെങ്കിലും യാത്രക്കാരെ കയറ്റിത്തുടങ്ങിയിരുന്നില്ല. പ്ലാറ്റ്ഫോമിൽ ആളുകൾ ഇല്ലാതിരുന്നതും ജീവനക്കാർ സമയോചിതമായി ഒഴിഞ്ഞുമാറിയതുമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

ടവർ തകർന്നതിന് പിന്നാലെ അപകടഭീഷണി ഉയർത്തിയ ശേഷിച്ച ഭാഗം പൊളിച്ചുനീക്കാൻ റെയിൽവേ പ്രത്യേക ദൗത്യം ആരംഭിച്ചു. 85 അടി ഉയരമുള്ള ഭാഗം ക്രെയിനും സ്റ്റീൽ വയറുകളും ഉപയോഗിച്ച് പൊളിക്കാൻ നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. തുടർന്ന് ഡ്രില്ലിംഗ് മെഷീനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് തൊഴിലാളികൾ കല്ലുകൾ ഓരോന്നായി നീക്കം ചെയ്താണ് ദൗത്യം പൂർത്തിയാക്കിയത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇതേ കാലഘട്ടത്തിൽ നിർമ്മിച്ച മറ്റ് രണ്ട് ക്ലോക്ക് ടവറുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവയും അപകടഭീഷണിയിലാണെന്ന വിലയിരുത്തലിനെ തുടർന്ന് ഉടൻ പരിശോധന നടത്തി ആവശ്യമെങ്കിൽ പൊളിച്ചുമാറ്റാനാണ് റെയിൽവേയുടെ ആലോചന.

സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പൈലിംഗ് ജോലികൾ പഴക്കമേറിയ കെട്ടിടങ്ങളുടെ സുരക്ഷയെ ബാധിച്ചോയെന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമാകും.

Share