ആലുവ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്.
ഏപ്രിൽ 29-ന് നടന്ന സംഭവത്തിലാണ് നടപടി. പ്രതിരോധ കുത്തിവെപ്പിന് പിന്നാലെയുണ്ടായ പനി കുറയ്‌ക്കുന്നതിനായി നൽകിയ പാരസെറ്റമോൾ ലിക്വിഡിന്റെ അളവ് കൂടുതലായതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്. ഫില്ലർ ഉപയോഗിച്ച് മരുന്ന് നൽകുന്നതിനിടെ സംഭവിച്ച പിഴവാണ് അമിത അളവിൽ മരുന്ന് കുഞ്ഞിന്റെ ശരീരത്തിലെത്താൻ ഇടയായതെന്നും പരാതിയിൽ ആരോപിക്കുന്നു.
മരുന്ന് ഓവർഡോസിനെ തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് ദിവസത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നതായും, ചികിത്സയ്‌ക്കായി ഏകദേശം 8,000 രൂപ ചെലവായതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) 125(എ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചികിത്സാ പിഴവിനെക്കുറിച്ചുള്ള പരാതിയിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.















