പാലക്കാട്: പുതുക്കോട് എം.സി. പാലസ് വിവാഹമണ്ഡപത്തിൽ നടന്ന വിവാഹവിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. നിലവിൽ 45 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. എന്നാൽ ഇതിലും കൂടുതൽ പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് നടന്ന മൈലാഞ്ചി ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഞായറാഴ്ച മുതൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിമിതയുടെ നേതൃത്വത്തിൽ വിവാഹമണ്ഡപത്തിൽ ഉപയോഗിച്ച ജലത്തിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചു. പരിശോധനാഫലം ലഭിച്ച ശേഷമേ വിഷബാധയ്‌ക്ക് കാരണം ജലമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. ഇതിനൊപ്പം ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച ചിക്കൻ വാങ്ങിയ കടയിലും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാറ്ററിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം സംബന്ധിച്ച് വ്യക്തത വരിക.