കൊച്ചി/ഹൈദരാബാദ്: തമിഴ് ചലച്ചിത്ര നടൻ ആര്യയ്‌ക്കെതിരെ ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തു. ഷൂട്ടിങ് ഉപകരണങ്ങൾ വാടകയ്‌ക്ക് നൽകിയ കമ്പനിയുടെ പരാതിയിലാണ് നടപടി.
ഹൈദരാബാദ് ആസ്ഥാനമായുള്ള തഹാർ സിനി ടെക്‌നിക് എന്ന കമ്പനിയാണ് പരാതിക്കാരൻ. ആര്യ നായകനാകുന്ന ‘അനന്തൻ കാട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഡിജിറ്റൽ ക്യാമറകളും ലൈറ്റിങ് ഉപകരണങ്ങളും കമ്പനി കേരളത്തിലെത്തിച്ചിരുന്നു. ഇതിനായി 2.12 കോടി രൂപയുടെ കരാറാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായിരുന്നത്.
പരാതി പ്രകാരം, ഉപകരണങ്ങൾ ഉപയോഗിച്ചതിന് ശേഷം 32 ലക്ഷം രൂപ മാത്രം നൽകിയെന്നും 1.8 കോടി രൂപയിലധികം കുടിശ്ശിക ഇപ്പോഴും ലഭിക്കാനുണ്ടെന്നുമാണ് ആരോപണം. സിനിമ റിലീസിന് മുമ്പ് മുഴുവൻ തുകയും നൽകാമെന്നും, പണം ലഭിച്ചശേഷം മാത്രമേ ‘നോ ഡ്യൂസ് സർട്ടിഫിക്കറ്റ്’ നൽകുകയുള്ളൂവെന്നും നേരത്തെ ധാരണയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പലതവണ ആവശ്യപ്പെട്ടിട്ടും കുടിശ്ശിക നൽകിയില്ലെന്നും, തുക ആവശ്യപ്പെട്ട് സമീപിച്ച കമ്പനിയുടെ മാനേജരെ നടൻ ആര്യയും നിർമ്മാതാവും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.















