‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: മുൻ വിദേശകാര്യ സഹമന്ത്രിയായ  മുസ്ലിം ലീഗ് നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി  ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി  ആർ.വി.എസ്. മണി. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിനെതിരെ പേരെടുത്തു പറയാതെയുള്ള ഗുരുതര വെളിപ്പെടുത്തൽ.

യു.പി.എ. സർക്കാരും പാക് ചാരസംഘടനയായ ഐഎസ്ഐയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നു എന്ന് അദ്ദേഹം തുറന്നടിച്ചു. മലപ്പുറത്ത് നിന്നുള്ള ഒരു മുസ്ലിം ലീഗ് കേന്ദ്രമന്ത്രി ഈ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായിരുന്നു. ഇതുസംബന്ധിച്ച കുറിപ്പുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുണ്ടെന്നും, ബന്ധപ്പെട്ട വ്യക്തി മരണപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ആർ.വി.എസ്. മണി പറഞ്ഞു.

ഇസ്രത്ത് ജഹാൻ കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടിരുന്നുവെന്നും ആർ.വി.എസ്. മണി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെയും അഴിക്കുള്ളിൽ ആക്കാൻ സോണിയ നിർദ്ദേശം നൽകി.  ‘മാഡം’ ഇടപ്പെട്ട വിഷയം ആണെന്ന് ഇസ്രത്ത് ജഹാൻ കേസ് അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥൻ  തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ഹിന്ദു ഭീകരവാദം’ എന്ന പ്രയോഗം കോൺഗ്രസ് ഭരണകാലത്ത് ബോധപൂർവം സൃഷ്ടിച്ചതാണെന്നും ആർ.വി.എസ്. മണി ചൂണ്ടിക്കാട്ടി. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ ആയിരുന്നു ആദ്യമായി ഈ പ്രയോഗം ഉപയോഗിച്ചത്. പിന്നീട് അത് സർക്കാർ രേഖകളിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതായും അദ്ദേഹം പറഞ്ഞു. 2010 ജൂലൈയിൽ ‘ഹിന്ദു ഭീകരവാദം’ എന്ന പദം ഔദ്യോഗിക സർക്കാർ രേഖകളിൽ ഇടം നേടിയെന്നും, ഇതിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിമാരായ പി. ചിദംബരവും സുശീൽ കുമാർ ഷിൻഡെയും ഉണ്ടായിരുന്നുവെന്നും ആർ.വി.എസ്. മണി ആരോപിച്ചു.

 

Share