മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

Published by
ജനം വെബ്‌ഡെസ്ക്

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മത്സരത്തിന് മുമ്പേ മറ്റൊരു ചര്‍ച്ച ചൂടുപിടിക്കുകയാണ്. മത്സരം നിയന്ത്രിക്കുന്നത് മൊറോക്കന്‍ വംശജനായ അമേരിക്കന്‍ റഫറി ഇസ്മായില്‍ എല്‍ഫാത്താണെന്ന പ്രഖ്യാപനമാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ലയണല്‍ മെസിയുടെ ടീമിന് എല്‍ഫാത്ത് റഫറിയായെത്തിയ മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ളതിനാല്‍ അദ്ദേഹം മെസിയുടെ ‘ഭാഗ്യറഫറി’യാണെന്നാണ് ആരാധകരുടെ ഒരു വിഭാഗത്തിന്റെ വാദം. 2022 ലോകകപ്പ് ഫൈനലില്‍ എല്‍ഫാത്ത് നാലാം ഒഫീഷ്യലായിരുന്നു. അന്ന് ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകിരീടം നേടിയപ്പോള്‍ മെസി ഇരട്ടഗോള്‍ നേടി തിളങ്ങിയിരുന്നു.

അതിന് പിന്നാലെ 2023 ലീഗ് കപ്പ് ഫൈനലിലും എല്‍ഫാത്തായിരുന്നു റഫറി. നാഷ്വില്‍ എസ്സിക്കെതിരായ ആ മത്സരത്തില്‍ മെസി ഗോള്‍ നേടിയതോടൊപ്പം ഇന്റര്‍ മയാമി പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ കിരീടവും സ്വന്തമാക്കി. മേജര്‍ ലീഗ് സോക്കറില്‍ എല്‍ഫാത്ത് റഫറിയായിരുന്ന നാല് മത്സരങ്ങളിലും മെസിയുടെ ടീം വിജയിച്ചതും ചര്‍ച്ചയ്‌ക്ക് ഇന്ധനമാകുകയാണ്.

ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ നിയന്ത്രിച്ച എല്‍ഫാത്ത് എട്ട് മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും പുറത്തെടുത്തിട്ടുണ്ട്. നെതര്‍ലന്‍ഡ്സ്-ജപ്പാന്‍, സ്പെയിന്‍-ഉറുഗ്വായ്, നോര്‍വെ-ബ്രസീല്‍ മത്സരങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ചുമതല. പ്രത്യേകിച്ച് സ്പെയിന്‍-ഉറുഗ്വായ് മത്സരത്തിലെ ചില തീരുമാനങ്ങള്‍ക്കെതിരെ സ്പാനിഷ് മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം, റഫറി നിയമനത്തില്‍ വിവാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഫിഫയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരില്‍ ഒരാളായ എല്‍ഫാത്തിനെയാണ് മത്സരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നിയോഗിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു. കോറി പാര്‍ക്കറും കെയ്ല്‍ അറ്റ്കിന്‍സുമാണ് അസിസ്റ്റന്റ് റഫറിമാര്‍. ഇറ്റലിയുടെ മൗറിസിയോ മരിയാനി നാലാം ഒഫീഷ്യലായും പ്രവര്‍ത്തിക്കും.

Share