പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂരില്‍ ഒന്നര വയസുകാരനായ ദേവാന്‍ഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് തലച്ചോറിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, കുട്ടിയുടെ പരിക്കിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ജനറല്‍ അനസ്തീഷ്യ നല്‍കി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍, ചുണ്ടിലെയും താടിയിലെയും മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്ന് കണ്ടെത്തി. അനസ്തീഷ്യ നല്‍കിയതിന് ഏകദേശം പത്ത് മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനാവുകയും അഞ്ച് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മരിക്കുകയുമായിരുന്നു.

സംഭവത്തില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ നിലവില്‍ കേസെടുത്തിട്ടുണ്ട്. ചികിത്സയില്‍ പങ്കെടുത്ത ശിശുരോഗ വിദഗ്ധ ഡോ. ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ആയിരിക്കുകയാണ്.

മൂന്ന് ഡോക്ടര്‍മാരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഡിവൈഎസ്പി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കേസില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുക.

Share