കൊല്ലം: മോഷ്ടിച്ച ഇരുചക്ര വാഹനത്തിലെത്തി സ്റ്റേഷനറി കടയുടെ ഗ്ലാസ് അടിച്ചു തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ കടയ്‌ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ആദർശ്, യദുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
കടയ്‌ക്കലിലെ സ്റ്റേഷനറി കടയിലാണ് അർധരാത്രിയോടെ കവർച്ച നടന്നത്. കടയുടെ മുൻവശത്തെ ഗ്ലാസ് കല്ലുകൊണ്ട് അടിച്ചു തകർത്താണ് പ്രതികൾ അകത്ത് കടന്നത്. തുടർന്ന് കടയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും പണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ഗ്ലാസ് തകർക്കുന്നതിനിടെ ഇരുവർക്കും കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുറിവിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സ തേടി ഇവർ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലെത്തി. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പിടികൂടുന്നതിനിടയിൽ പ്രതികളിൽ ഒരാൾ പൊലീസുകാരെ ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് മോഷണം പോയതാണെന്ന് പൊലീസ് കണ്ടെത്തി. വാഹനമോഷണവുമായി ബന്ധപ്പെട്ടും പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, ആശുപത്രിയിലെ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.