തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ തമിഴ്നാട് ധർമ്മപുരി പെണ്ണഗരം അഗ്രഹാരം സ്വദേശിയായ ചിന്നപ്പെരുമാൾ പ്രഭാകരൻ (34) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തലവണിക്കര പണ്ടാരപറമ്പിൽ വീട്ടിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണമായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനയും അന്വേഷണവും നിർണായക വഴിത്തിരിവായി.
അന്വേഷണത്തിൽ ചന്ദ്രനും പ്രതിയായ പ്രഭാകരനും സംഭവത്തിന് മുമ്പ് ഒരുമിച്ച് മദ്യപിച്ചിരുന്നതായി കണ്ടെത്തി. മദ്യലഹരിക്കിടെയുണ്ടായ വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു.
തർക്കത്തിനിടെ സമീപത്തുണ്ടായിരുന്ന കരിങ്കല്ല് ഉപയോഗിച്ച് ചന്ദ്രന്റെ തലയ്‌ക്ക് പലതവണ ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്‌ക്ക് ആഴത്തിൽ മുറിവേറ്റ ചന്ദ്രൻ അമിത രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
അറസ്റ്റിലായ പ്രഭാകരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റേതെങ്കിലും കാരണങ്ങളോ കൂടുതൽ ആളുകളുടെ പങ്കാളിത്തമോ ഉണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.