മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ​തിരുവിതാംകൂർ ദേവസ്വം ആസ്ഥാനത്തെ ഹിന്ദുമത വേദാന്ത സംസ്കൃത പാഠശാല പൂട്ടിയ സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. മുടങ്ങിക്കിടക്കുന്ന മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ ആവശ്യപ്പെട്ടു.

ആചാരാനുഷ്ഠാനങ്ങൾ പഠിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് ദേവസ്വം ബോർഡ്. ഹിന്ദുമതത്തിന്റെ വേദാന്ത പാരമ്പര്യവും സംസ്കൃത പഠനവും പ്രോത്സാഹിപ്പിച്ചിരുന്ന പാഠശാലയുടെ പ്രവർത്തനം അവസാനിപ്പിച്ചത് ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെയും സാംസ്കാരിക പൈതൃകത്തെയും അവഗണിക്കുന്നതിന് തുല്യമാണ്.

കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതുസർക്കാർ ഇത്തരം മതപാഠശാലകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചിരുന്നില്ല. ഇതോടെയാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായത്. ദേവസ്വം സ്ഥാപനങ്ങൾ ക്ഷേത്രങ്ങളുടെ ഭരണനിർവഹണത്തിൽ മാത്രം ഒതുങ്ങാതെ ഹൈന്ദവ വിശ്വാസവും സംസ്കാരവും വിദ്യാഭ്യാസവും സംരക്ഷിക്കുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കേണ്ടതുണ്ട്. പാഠശാലയുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അടിയന്തര തീരുമാനം കൈക്കൊള്ളണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

 

 

Share