ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: ജോലി ചെയ്ത്  ജീവിക്കണമെന്ന് നിരന്തരം ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 24കാരൻ അറസ്റ്റിൽ. ബെംഗളൂരു കെ.എസ്. ലേഔട്ട് സ്വദേശിയായ പ്രജ്വലിനെയാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെ അമ്മയായ ഡി. ഗൗരമ്മയെ ആണ് കൊല്ലപ്പെട്ടത്.

ബാനർഘട്ടയ്‌ക്ക് സമീപമുള്ള കെഞ്ചഗൊരവയ്യന ദൊഡ്ഡിയിലെ വീട്ടിൽ ഗൗരമ്മയും ഭർത്താവുമാണ് താമസിച്ചിരുന്നത്.  അടുത്തിടെയാണ് പ്രജ്വൽ ഇവിടെ താമസിക്കാൻ എത്തിയത്.  ഗൗരമ്മയുടെ ഭർത്താവ് ദൊഡ്ഡ ദുർഗയ്യ ജോലിക്കായി കനകപുരയിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ ഗൗരമ്മയും പ്രജ്വലും മാത്രമായിരുന്നു.

കോളേജ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച  പ്രജ്വൽ  കഴിഞ്ഞ കുറേ മാസങ്ങളായി ജോലി പോയിരുന്നില്ല. സമയം കളയാതെ ജോലി കണ്ടെത്തണമെന്നും ഉത്തരവാദിത്തത്തോടെ ജീവിക്കണമെന്നും അനാവശ്യമായി പണം ചെലവഴിക്കരുതെന്നും ഗൗരമ്മ പതിവായി കൊച്ചുമകനെ ഉപദേശിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പലപ്പോഴും തർക്കമുണ്ടാകാറുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രിയും ഇതേ വിഷയം സംസാരിച്ച ശേഷം ഗൗരമ്മ ഉറങ്ങാൻ പോയി. പുലർച്ചെ രണ്ടുമണിയോടെ അടുക്കളയിൽ നിന്ന് കത്തി എടുത്ത പ്രജ്വൽ ഉറങ്ങിക്കിടന്നിരുന്ന ഗൗരമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് സ്വന്തം വീട്ടിലെത്തിയ പ്രതി അമ്മ ലക്ഷ്മിയോട് താൻ മുത്തശ്ശിയെ കൊന്നെന്ന് വെളിപ്പെടുത്തുകയായിരുന്നു . തുടർന്ന് ഒളിവിൽ പോയ പ്രതിയെ ബാനർഘട്ടയ്‌ക്ക് സമീപത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ പൊലീസ് പിടികൂടി.

 

Share