ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മ്മ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ 19-ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം രോഹിത്തിന്റെ കരിയറിലെ അവസാന ഏകദിന മത്സരം ആയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ രോഹിത് ശര്‍മ്മ ഇല്ലെന്ന് ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

2027 ഏകദിന ലോകകപ്പിനായി യുവതാരങ്ങളെ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെലക്ടര്‍മാര്‍ മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2027 ലോകകപ്പ് വരെ ഏകദിനം കളിക്കാനാണ് രോഹിത്തിന്റെ ആഗ്രഹമുണ്ടായിരുന്നതെങ്കിലും, ടീമിന്റെ ഭാവി പദ്ധതികള്‍ വേറെയാണെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയെന്നാണ് വിവരം. ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഈ തീരുമാനം രോഹിത്തിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും രോഹിത്തുമായി കൂടിക്കാഴ്ച നടത്തി ഭാവി പദ്ധതികള്‍ വിശദീകരിച്ചുവെന്നാണ് സൂചന. നിലവില്‍ മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളിനെ 2027 ലോകകപ്പിനായുള്ള പ്രധാന ഓപ്പണറായി വളര്‍ത്താനാണ് ബിസിസിഐയുടെ പദ്ധതി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്ക് ശേഷം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഏകദിനത്തില്‍ തുടരാന്‍ രോഹിത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും, അന്തിമ തീരുമാനം അദ്ദേഹത്തിന് തന്നെ വിടുകയായിരുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ, രോഹിത്തിന്റെ വിരമിക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിരാട് കോഹ്ലിയും രോഹിത്തും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ വികാരഭരിതമായ പ്രതികരണങ്ങളാണ് പങ്കിടുന്നത്. അതേസമയം, രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍ സംബന്ധിച്ച് ബിസിസിഐയോ രോഹിത്തോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

Share