പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ 1958 ഫിഫ ലോകകപ്പ് ഫൈനലില്‍ ധരിച്ച ചരിത്രപ്രസിദ്ധമായ ജഴ്സി ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്. 4.9 മില്യണ്‍ ഡോളര്‍ (ഏകദേശം 42 കോടിയിലേറെ രൂപ) വിലയ്‌ക്കാണ് ജഴ്സി പുതിയ ഉടമയെ കണ്ടെത്തിയത്. ഇതോടെ ലേലത്തില്‍ വിറ്റ പെലെയുമായി ബന്ധപ്പെട്ട ഏറ്റവും വിലപിടിപ്പുള്ള സ്മരണിക എന്ന റെക്കോര്‍ഡും ഈ ജഴ്സി സ്വന്തമാക്കി.

ന്യൂയോര്‍ക്കില്‍ സോത്ബീസ് നടത്തിയ ലേലത്തില്‍ അഞ്ച് പേരിലധികം മത്സരിച്ച് 10 ബിഡുകള്‍ ഉയര്‍ന്ന ശേഷമാണ് ചരിത്ര ജഴ്സി വിറ്റുപോയത്. 1958 ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ സ്വീഡനെ 5-2ന് തകര്‍ത്ത ബ്രസീലിനായി വെറും 17-ാം വയസ്സില്‍ രണ്ട് ഗോളുകള്‍ നേടിയ മത്സരത്തിലാണ് പെലെ ഈ ജഴ്സി ധരിച്ചത്. ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇന്നും പെലെയുടെ പേരിലാണ്. ആ വിജയത്തിലൂടെയാണ് ബ്രസീല്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

‘1958 ലോകകപ്പ് ഫൈനലിലെ ചിത്രങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദൃശ്യങ്ങളിലൊന്നാണ്. ആ ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായ ജഴ്സിയാണിത്,’ എന്ന് സോത്ബീസ് വ്യക്തമാക്കി. ഇതേ ജഴ്സി 2004ല്‍ നടന്ന ലേലത്തില്‍ 70,505 പൗണ്ടിന് (അന്നത്തെ ഏകദേശം 1.05 ലക്ഷം ഡോളര്‍) വിറ്റിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ അതിന്റെ മൂല്യം പതിന്മടങ്ങിലേറെ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ കായികരംഗത്തെ ഏറ്റവും വിലയേറിയ സ്മരണികയെന്ന റെക്കോര്‍ഡ് ഇപ്പോഴും അമേരിക്കന്‍ ബേസ്‌ബോള്‍ ഇതിഹാസം ബേബ് റൂത്ത് 1932 വേള്‍ഡ് സീരീസില്‍ ധരിച്ച ജഴ്സിക്കാണ്.

അത് 2024ല്‍ 24.1 മില്യണ്‍ ഡോളറിന് ലേലത്തില്‍ വിറ്റിരുന്നു. അതേസമയം, മൈക്കല്‍ ജോര്‍ദാന്റെ 1998 എന്‍ബിഎ ഫൈനല്‍സ് ജഴ്സി 10.1 മില്യണ്‍ ഡോളറിനും, ഡിയഗോ മറഡോണ 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ധരിച്ച ജഴ്സി 9.2 മില്യണ്‍ ഡോളറിനും ലേലത്തില്‍ വിറ്റത് കായിക സ്മരണികകളിലെ മറ്റ് ശ്രദ്ധേയ റെക്കോര്‍ഡുകളാണ്.

Share