മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: തേവര എസ്.എച്ച് കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ അവഗണിച്ചെന്ന ആരോപണം രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പരിപാടി കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങവേ കാണാൻ കാത്തുനിന്ന അലോഷ്യസിനെ ശ്രദ്ധിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയതെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തിൽ പ്രതികരിച്ച അലോഷ്യസ് സേവ്യർ, “കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാർ. തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാൻ ചെയ്തത്” എന്ന് പറഞ്ഞു. സമ്മതിക്കാത്തവരെയായാലും ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുക എന്നതാണ് താൻ പഠിച്ച രാഷ്‌ട്രീയമെന്നും, മുഖ്യമന്ത്രി തിരിച്ച് പ്രതികരിക്കാത്തതിന് മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“തെറ്റ് ചൂണ്ടിക്കാട്ടിയതാണ് എന്റെ തെറ്റ് എങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും. മുഖ്യമന്ത്രിയെ കാണാൻ കഴിയാതിരുന്നതിനെ വ്യക്തിപരമായ പ്രശ്നമായി കാണുന്നില്ല. ഇനിയും അദ്ദേഹത്തെ കാണാൻ ശ്രമിക്കും. ഗവൺമെന്റ് പ്ലീഡർ വിഷയത്തിൽ ആശങ്കകൾ പങ്കുവെക്കുകയും ചെയ്യും” എന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും കെഎസ്‌യു നേതൃത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് പുതിയ സംഭവം ശ്രദ്ധേയമാകുന്നത്.

Share