കോഴിക്കോട്: മാനാഞ്ചിറ ഓപ്പൺ ജിമ്മിൽ മൂന്നരവയസുകാരനോടും പിതാവിനോടും ട്രെയിനർ മോശമായി പെരുമാറിയെന്ന പരാതിയിൽ വിവാദം. ഓപ്പൺ ജിമ്മിലേക്ക് അറിയാതെ ഓടിക്കയറിയ കുട്ടിയെ പരസ്യമായി അസഭ്യം പറയുകയും, കുട്ടിയെ എടുത്ത് പുറത്തേക്ക് പോകാൻ ശ്രമിച്ച പിതാവിനെ പിടിച്ചുതള്ളുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഒഴിവുസമയം ചെലവഴിക്കാനെത്തിയ ഈസ്റ്റ്ഹിൽ സ്വദേശിയായ അച്ഛനും മകനും മാനാഞ്ചിറയിലെ ഓപ്പൺ ജിം പരിസരത്തെത്തിയപ്പോഴാണ് കുട്ടി പെട്ടെന്ന് അകത്തേക്ക് ഓടിക്കയറിയത്. കുട്ടികൾക്ക് പ്രവേശനമില്ലെന്ന് മനസ്സിലാക്കിയ പിതാവ് ഉടൻ തന്നെ കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.
ഇതിനിടെയാണ് ട്രെയിനറായ അനിൽകുമാർ കുട്ടിയോടും പിതാവിനോടും ആക്രോശിച്ച് അസഭ്യം പറഞ്ഞതെന്നാണ് പരാതി. ഭയന്ന് കരഞ്ഞ കുഞ്ഞിനെയെടുത്ത് പുറത്തേക്ക് പോകാൻ ശ്രമിച്ച പിതാവിനെ ട്രെയിനർ പിടിച്ചുതള്ളിയതായും കുടുംബം ആരോപിക്കുന്നു. ചെറിയ കുട്ടിയാണെന്നും മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടപ്പോൾ മോശം രീതിയിൽ പ്രതികരിച്ചുവെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് പിതാവ് സമീപത്തെ സ്പോർട്സ് കൗൺസിൽ ഓഫീസിലെത്തി പരാതി നൽകി. അധികൃതർ ട്രെയിനറെ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും അവിടെയും കയ്യേറ്റത്തിന് ശ്രമിക്കുന്ന തരത്തിൽ പെരുമാറിയെന്നാണ് പിതാവിന്റെ ആരോപണം. തുടർന്ന് സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥരാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സംഭവത്തിൽ ടൗൺ പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് ഓപ്പൺ ജിം പ്രവർത്തിക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.















