മലപ്പുറം: സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് എംഡിഎംഎ പിടികൂടി. കാൽനടക്കാരായ രണ്ട് സ്ത്രീകളെ ഇടിച്ചശേഷം നിർത്താതെ പോയ ബസ് ഡ്രൈവറിൽ നിന്നാണ് ലഹരി പിടികൂടിയത്. ചെലേമ്പ്ര പുള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 0.12 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
കോഴിക്കോട്–വേങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബിഎസ്ആർ സ്വകാര്യ ബസിന്റെ ഡ്രൈവറാണ് മുഹമ്മദ് അനസ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബസ് രണ്ട് സ്ത്രീകളെ ഇടിച്ചശേഷം നിർത്താതെ പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഡ്രൈവറെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.