ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന രണ്ട് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന കട കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പനയെന്ന് പൊലീസ് അറിയിച്ചു. പൊന്നാനി സ്വദേശികളായ വളപ്പിൽ അൻസാറും, അച്ചിവീട്ടിൽ അൻസാറുമാണ്  പിടിയിലായത്. ഇവരിൽ നിന്ന് 0.75 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കടയുടെ മറവിൽ ലഹരി വിൽപ്പന നടത്തി യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം നൽകിയ വ്യക്തിയുടെ വീട് കയറി ആക്രമിച്ച കേസിലും വധശ്രമക്കേസിലും പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവും കേസെടുത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.

Share