ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ചരിത്ര ഇന്നിങ്‌സ്. ലോര്‍ഡ്‌സില്‍ കരിയറിലെ ഏറ്റവും മികച്ച 141 റണ്‍സ് നേടി, വെസ്റ്റിന്‍ഡീസ് ഇതിഹാസം സര്‍ വിവ് റിച്ചാര്‍ഡ്‌സ് 47 വര്‍ഷം മുമ്പ് കുറിച്ച റെക്കോര്‍ഡാണ് ഡക്കറ്റ് മറികടന്നത്. 120 പന്തില്‍ 141 റണ്‍സ് നേടിയ ഡക്കറ്റ്, ലോര്‍ഡ്‌സില്‍ ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി. 1979 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിവ് റിച്ചാര്‍ഡ്‌സ് പുറത്താകാതെ നേടിയ 138 റണ്‍സാണ് ഇതുവരെ റെക്കോര്‍ഡായിരുന്നത്.

പരമ്പരയിലെ ആദ്യ സെഞ്ച്വറിയും ഡക്കറ്റിന്റെ ബാറ്റില്‍ നിന്നായിരുന്നു. 108 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം പിന്നീട് ആക്രമണം ശക്തമാക്കി റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. ഓപ്പണര്‍ ജേക്കബ് ബെതലിനൊപ്പം ഡക്കറ്റ് ആദ്യ വിക്കറ്റില്‍ 192 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബെതല്‍ 91 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഡക്കറ്റ് ഇംഗ്ലണ്ടിന്റെ റണ്‍വേട്ടയ്‌ക്ക് വേഗം കൂട്ടി.

പരിക്കേറ്റ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയ്‌ക്ക് ഡക്കറ്റിനെ പിടിച്ചുകെട്ടാനായില്ല. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ സമ്മര്‍ദം സൃഷ്ടിച്ച താരം ഓഫ്സൈഡിലൂടെയും പുള്‍ ഷോട്ടുകളിലൂടെയും മനോഹരമായ ബൗണ്ടറികള്‍ കണ്ടെത്തി. അവസാനം പ്രിന്‍സ് യാദവിന്റെ സ്ലോവര്‍ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ഡക്കറ്റ് പന്ത് നേരെ ബൗളര്‍ക്ക് തന്നെ നല്‍കി മടങ്ങി. ചരിത്ര ഇന്നിങ്‌സിന് ശേഷം ലോര്‍ഡ്‌സിലെ കാണികള്‍ എഴുന്നേറ്റുനിന്ന് താരത്തെ അഭിനന്ദിച്ചു.

Share