റൊമാനിയ: വനിതാ ടെന്നീസില്‍ ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയ സ്പാനിഷ് താരം പൗള ബഡോസയുടെ കിരീട പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. റൊമാനിയയിലെ ഐയാസി ഓപ്പണ്‍ ഫൈനലില്‍ പരിക്കിനെ തുടര്‍ന്ന് മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ ഈജിപ്തിന്റെ മായാര്‍ ഷെരീഫ് കിരീടം സ്വന്തമാക്കി. മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കിയ ഷെരീഫ് രണ്ടാം സെറ്റില്‍ 4-0ന് മുന്നില്‍ നില്‍ക്കുന്നതിനിടെയാണ് ബഡോസയ്‌ക്ക് മത്സരം തുടരാനാകാതെ വന്നത്. ഇതോടെ ഷെരീഫ് തന്റെ കരിയറിലെ രണ്ടാം WTA കിരീടവും തുടര്‍ച്ചയായ പത്താം വിജയവും സ്വന്തമാക്കി.
ബാസ്റ്റാഡ് WTA 125 കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ബഡോസ റൊമാനിയയിലെത്തിയത്. കരിയറില്‍ ആദ്യമായി തുടര്‍ച്ചയായി രണ്ട് ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യവുമായെത്തിയ താരത്തിന്റെ ഒമ്പത് മത്സര വിജയക്കുതിപ്പിനും ഇതോടെ വിരാമമായി. ലോക റാങ്കിങ്ങില്‍ 73-ാം സ്ഥാനത്തുള്ള ഷെരീഫ് മികച്ച ക്ലേ കോര്‍ട്ട് സീസണിന്റെ തുടര്‍ച്ചയാണ് ഫൈനലിലും കാഴ്ചവെച്ചത്. ബഡോസയുടെ ശാരീരിക അസ്വസ്ഥത പരമാവധി മുതലെടുത്ത ഈജിപ്ഷ്യന്‍ താരം അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു.
മത്സരശേഷം കണ്ണീരോടെ പ്രതികരിച്ച ബഡോസ ആരാധകരോട് ക്ഷമ ചോദിച്ചു. കഴിഞ്ഞ മാസങ്ങളിലെ മോശം ഫോമില്‍ നിന്ന് തിരിച്ചുവന്നതിനെക്കുറിച്ചും താരം സംസാരിച്ചു. ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ എത്തിയ പ്രകടനത്തിലൂടെ ബഡോസ ലോക റാങ്കിങ്ങില്‍ 93-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ യു.എസ്. ഓപ്പണ്‍ മുഖ്യ ഡ്രോയിലേക്ക് നേരിട്ടുള്ള യോഗ്യത നേടാനുള്ള സാധ്യതയും സ്പാനിഷ് താരത്തിന് ശക്തമായിട്ടുണ്ട്.