മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി വനംവകുപ്പ്. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നിയമപരമായ ഉത്തരവും അംഗീകൃത ഷൂട്ടറുടെ സേവനവും നിർബന്ധമാണെന്നും, കൊല്ലുന്ന കാട്ടുപന്നിയുടെ മാംസം ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിനാശവും മനുഷ്യർക്കുള്ള ഭീഷണിയും വർധിച്ചതോടെ കാട്ടുപന്നി നിയന്ത്രണത്തിന് പ്രത്യേക നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ഉത്തരവ് നൽകാം. പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, കോർപറേഷൻ മേയർമാർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായും ബന്ധപ്പെട്ട സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്.

വെടിവെപ്പിനായി അംഗീകൃത ഷൂട്ടർമാരുടെ പട്ടികയിൽ ഉൾപ്പെട്ടവരെ മാത്രമേ നിയോഗിക്കാവൂ. ഓരോ കാട്ടുപന്നിയെയും വെടിവെച്ച് കൊല്ലുന്നതിന് ഷൂട്ടർക്ക് 1,500 രൂപയും, ജഡം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് 2,000 രൂപയും നൽകും. ഇതിനായി ഓരോ തദ്ദേശസ്ഥാപനത്തിനും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കാമെന്നും ഉത്തരവിലുണ്ട്.

അതേസമയം, നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ കാട്ടുപന്നിയെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും, അതിന്റെ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി വനംവകുപ്പിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിഷം, സ്‌ഫോടകവസ്തു, വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് കാട്ടുപന്നികളെ കൊല്ലാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ‘മിഷൻ വൈൽഡ് പിഗ്’ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ശാസ്ത്രീയ മാലിന്യനിർമാർജനം, കാട് പിടിച്ച കൃഷിയിടങ്ങൾ വെട്ടിത്തെളിക്കൽ, കാട്ടുപന്നികളുടെ എണ്ണം കണക്കാക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Share