‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിഷയത്തിൽ പ്രതികരിച്ച സിനിമാ സെലിബ്രിറ്റികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ചില സിനിമകൾ കൊണ്ട് വിദ്യാർഥികൾക്ക് ഉണ്ടാകുന്നത്ര ഉപദ്രവം നീറ്റ് പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിന് ഉണ്ടായിട്ടില്ല എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.

നീറ്റ് പരീക്ഷയും കുട്ടികളുടെ ഭാവിയും ചൂണ്ടിക്കാട്ടി കേരളത്തിലെ ചില സിനിമാ സെലിബ്രിറ്റികൾ പ്രതിഷേധിക്കുന്നത് സിനിമയുടെ പരോക്ഷ പ്രമോഷനാണോ, അതോ മറ്റെന്തെങ്കിലും താൽപര്യങ്ങളാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സ്വന്തം സംഘടനയിലെ പ്രശ്നങ്ങൾ പോലും ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാൻ കഴിയാത്തവരാണ് ഇന്ത്യയിലെ നീറ്റ് പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് പറയുന്നത് എന്നും അദ്ദേഹം വിമർശിച്ചു.

കുട്ടികളുടെ ഭാവിയിൽ ആത്മാർഥമായ ആശങ്കയുള്ളവർ ആദ്യം സ്വന്തം സിനിമകളിൽ നിന്ന് മദ്യപാനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറിഭാഷ എന്നിവ ഒഴിവാക്കാൻ തയ്യാറാകണമെന്നും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങൾ ആവർത്തിക്കാതിരിക്കാനും സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുകൾക്കെതിരെ നിലപാട് സ്വീകരിക്കാനും കേരളത്തിൽ മദ്യനിരോധനം ആവശ്യപ്പെടാനും സിനിമാ പ്രവർത്തകർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

മുൻകാലങ്ങളിൽ എ.ഐ.പി.എം.ടി., സി.ബി.എസ്.ഇ., വ്യാപം, പി.എസ്.സി. പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായപ്പോഴൊന്നും ഇതേ രീതിയിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നില്ലെന്നും അന്ന് മന്ത്രിമാർ രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നടപ്പാക്കിയ ‘ദി പബ്ലിക് എക്സാമിനേഷൻസ് ആക്ട്, 2024’ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമമാണെന്നും, നീറ്റ് വിഷയത്തിൽ സി.ബി.ഐ അന്വേഷണം, അറസ്റ്റുകൾ, റീ-എക്സാം, ഫലപ്രഖ്യാപനം തുടങ്ങിയ നടപടികൾ വേഗത്തിൽ നടന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

സമരം ചെയ്യുന്നത് ജനാധിപത്യ അവകാശമാണെങ്കിലും ട്രെയിനുകൾക്ക് നേരെ കല്ലെറിയുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ഇന്ത്യയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികളുടെ കളിപ്പാവകളാകുന്ന യുവാക്കളെക്കുറിച്ച് പൊതുസമൂഹം ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പോടെയാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

ചില സിനിമകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് എത്ര ഉപദ്രവം ഉണ്ടോ അത്രയും ഉപദ്രവം NEET പരീക്ഷ രണ്ടാമത് എഴുതിയത് കൊണ്ട് സമൂഹത്തിനു ഉണ്ടായിട്ടില്ല. പാറ്റക്കു അടിച്ച ഹിറ്റിൽ പല പൊയ്മുഖങ്ങളും പുറഞ്ഞു ചാടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
നീറ്റ് പരീക്ഷ, കുട്ടികളുടെ ഭാവി എന്നൊക്കെ പറഞ്ഞ് കേരളത്തിലെ ചില സിനിമ സെലിബ്രിറ്റികൾ കരഞ്ഞു ബഹളം വെക്കുകയാണല്ലോ. (ചിലരുടെ സിനിമ അടുത്ത ആഴ്ചയിൽ റിലീസ് ആകാനുണ്ട് അതിനായുള്ള indirect പ്രൊമോഷൻ ആണ് സംഭവം .ചിലർക്ക് FCRA ഫണ്ട്‌ നിയന്ത്രണം വരുമോ എന്ന പേടിയും ദേഷ്യവും ഇവിടെ തീർക്കുന്നു, ചിലർ ചില്ലറ മേടിച്ചു അഭിപ്രായം പറയുന്നു , ചിലർക്ക് ദേശീയ അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം etc)
ആയിരം ആളുകൾ പോലും ഇല്ലാത്ത ഒരു സിനിമ സംഘടനയുടെ കുശുമ്പ്, അടിപിടി, കടിപിടി, പാര വെപ്പ്, ego പോലുള്ള കുഞ്ഞു പ്രശ്നങ്ങൾ പോലും ഒരു മേശയുടെ ചുറ്റും ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കുവാൻ പറ്റാത്ത ചില സിനിമാക്കാർ ആണ് ഇന്ത്യയിലെ NEET പ്രശ്നം പരിഹരിക്കേണ്ട രീതി ഇങ്ങനെയല്ല എന്നും പറഞ്ഞു വരുന്നത്. (ഇന്ത്യയുടെ ഇത്തരം പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കുവാൻ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട് )
കുട്ടികളുടെ, യുവാക്കളുടെ ഭാവിയിൽ ഇത്രയും ആശങ്ക ഉള്ള സിനിമാക്കാർ ഇനിയെങ്കിലും സിനിമയിലെ കള്ളുകുടി, മദ്യം, കഞ്ചാവ് ഉപയോഗം കാണിക്കുന്ന, അവയെ glorify ചെയ്യുന്ന സീനുകൾ സ്വന്തം സിനിമയിൽ നിന്നെങ്കിലും ഒഴിവാക്കി കൂടെ? സ്ത്രീ വിരുദ്ധ ഡയലോഗ്കൾ, ഡബിൾ മീനിങ്, തെറി ഭാഷകൾ ഇനിയെങ്കിലും കുട്ടികളുടെ നല്ല ഭാവി ആലോചിച്ചു സിനിമയിൽ കുറച്ചൂടെ? ഇനി ഒരിക്കൽ കൂടി കേരളത്തിൽ മറ്റൊരു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വരാതെ നോക്കുവാൻ എങ്കിലും ശ്രദ്ധിച്ചു കൂടെ? കള്ള പണം വെളുപ്പിക്കുന്ന ആളുകളെ പൊതുജന മദ്യത്തിൽ കൊണ്ട് വന്നു കൂടെ? കേരളത്തിൽ മദ്യ നിരോധനം വേണമെന്ന് അഭിപ്രായപെട്ടു കൂടെ? സിനിമ സ്റ്റൈൽ കൊലപാതകങ്ങളും, സിനിമയെ അനുകരിച്ചു പോലീസിനെ വിദഗ്ധമായി പറ്റിക്കുന്നതും ഇന്ന് കേരളത്തിൽ കൂടി വരുന്നു.
സമൂഹത്തിൽ ആക്രമണ സ്വഭാവം വർ‌ധിച്ചുവരുന്നതിൽ സിനിമകൾക്ക് വലിയ പങ്കുണ്ട് എന്നത് തെളിയിക്കപ്പെട്ടതാണ്..
പണ്ട് മദ്യവും സിഗരറ്റും മാത്രമായിരുന്നു നായകന്റെ ഹീറോയിസം കാണിക്കുവാനുള്ള അളവുകോൽ എങ്കിൽ കഞ്ചാവ്, ഇപ്പോൾ സിന്തറ്റിക് ഡ്രഗ് അഥവാ രാസലഹരിയാണ് നായകനും നായികയും ഒക്കെ ഉപയോഗിച്ച് അതിനു യുവാക്കളെ പ്രേരിപ്പിക്കുന്നത് . സമൂഹത്തിനു മാതൃക ആകേണ്ട എത്രയോ നടീ നടന്മാരെയും, സംവിധായകരെയും MDMA etc ഉപയോഗിച്ച് എന്ന കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. Pahalgam ആക്രമണം അടക്കം ഒന്നിലും ഒരു അഭിപ്രായവും ഈ സെലിബ്രിറ്റികൾക്ക് ഇല്ലായിരുന്നു.
സിനിമകളിലെ അക്രമങ്ങൾ കണ്ടു കണ്ടു കുട്ടികളിലും ചെറുപ്പക്കാരിലും യാഥാർഥ്യബോധം കുറയാൻ ഇത് കാരണമാകുന്നു.
സിനിമകളിലെ അമിതമായ സംഘട്ടനങ്ങളും ക്രൂരതകളും കാണുമ്പോൾ, അത്തരം രീതികൾ അനുകരിക്കാൻ ചിലർ (പ്രത്യേകിച്ച് കൗമാരക്കാർ) മുതിരാറുണ്ട്.
ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, തെറ്റായ ജീവിതരീതികൾ എന്നിവ സിനിമകളിൽ ഗ്ലാമറൈസ് ചെയ്ത് കാണിക്കുന്നത് സമൂഹത്തിലെ ധാർമ്മിക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ചില സിനിമകളിലെ ഭീകരമായ രംഗങ്ങൾ (ഹൊറർ) അല്ലെങ്കിൽ അമിതമായ അക്രമങ്ങൾ സമൂഹത്തിൽ, പ്രത്യേകിച്ച് കുട്ടികളിൽ ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്നു.
കേരളത്തിൽ ഇതിന് മുമ്പ് നടന്ന നേഴ്സ്മാരുടെ സമരം ,
ആശ വർക്കേഴ്സിന്റെ സമരം ,
Psc വിദ്യാർത്ഥികളുടെ സമരം ,
മുനമ്പം സമരം ,
സഹകരണ ബാങ്കിലെ കൊള്ള
ഇതൊന്നും ഇപ്പൊൾ NEET ന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നവർ കേട്ടിട്ടേ ഇല്ല.
ഇപ്പോഴത്തെ NEET ചോദ്യ പേപ്പർ ചോർച്ചക്ക് മുമ്പും ഈ ഇന്ത്യയിൽ കേരളം അടക്കം എത്രയോ സംസ്ഥാനങ്ങളിൽ PSC അടക്കം പരീക്ഷകൾ റദ് ചെയ്ത് re exam വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത് പോലെ സെലിബ്രിറ്റികൾ അഭിപ്രായം പറഞ്ഞു കണ്ടില്ല, അതിന്റെ ബന്ധപ്പെട്ട മന്ത്രിമാർ രാജിയും വെച്ച ചരിത്രം ഇല്ല.
CBSE (Central Board of Secondary Education) മെഡിക്കൽ എൻട്രൻസ് (AIPMT) നടത്തുന്ന കാലത്തും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങൾ ഇവയാണ്: പണ്ട്,
എത്രയോ വർഷങ്ങൾക്കു മുമ്പ് (ഏറ്റവും വലിയ ചോർച്ച)
സംഭവം: പരീക്ഷ നടക്കുന്നതിന് തൊട്ടുമുമ്പ് വാട്‌സ്ആപ്പ് വഴിയും SMS വഴിയും ചോദ്യങ്ങളും ഉത്തരങ്ങളും പുറത്തുവന്നു.
രീതി: ബിഹാർ, ഹരിയാണ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ വ്യാജ ഏജന്റുകൾ വഴി ഉത്തരങ്ങൾ സമാഹരിക്കുകയും, പ്രത്യേകമായി നിർമ്മിച്ച അടിവസ്ത്രങ്ങളിലും ജാക്കറ്റുകളിലും ബ്ലൂടൂത്ത് മൈക്രോ-ഉപകരണങ്ങൾ ഘടിപ്പിച്ച് പരീക്ഷാ ഹാളുകളിലുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു.
ഫലം: ഹരിയാണ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് സുപ്രീം കോടതി AIPMT പരീക്ഷ റദ്ദാക്കുകയും, ആഗസ്റ്റ് മാസത്തിൽ CBSE-യോട് റീ-ടെസ്റ്റ് നടത്താൻ ഉത്തരവിടുകയും ചെയ്തു.
2. AIPMT 2011 & 2012 (ഉത്തരസൂചിക/ഹൈടെക് ചോർച്ച ആരോപണങ്ങൾ)
പരീക്ഷ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ചില കോച്ചിംഗ് സെന്ററുകളിലേക്കും മാഫിയകൾക്കും SMS വഴി ഉത്തരസൂചികകൾ ചോർന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
വ്യാജ ആൾമാറാട്ടക്കാരെ ഇരുത്തി പരീക്ഷ എഴുതിച്ച സംഭവങ്ങളും അക്കാലത്ത് രാജസ്ഥാൻ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
3. AIPMT 2004 (ചോദ്യപേപ്പർ ചോർച്ച)
പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജസ്ഥാനിലും ഡൽഹിയിലും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് അന്വേഷിക്കുകയും ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. (അന്ന് ഈ വിഷയത്തിൽ ഏത് മന്ത്രി ആണ് രാജി വെച്ചത്? )
2014 march – CBSE പരീക്ഷകൾ: പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ്, പത്താം ക്ലാസ് മാത്തമാറ്റിക്‌സ് ചോദ്യപ്പേപ്പറുകൾ ചോർന്നതിനെത്തുടർന്ന് രാജ്യത്ത് വലിയ വിവാദങ്ങൾ ഉണ്ടായി
2013 – മഹാരാഷ്‌ട്ര (HSC): സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് (HSC) ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചു
2013 – മധ്യപ്രദേശ് (വ്യാപം അഴിമതി): രാജ്യത്തെ തന്നെ ഏറ്റവും വലിയ പരീക്ഷാ കുംഭകോണങ്ങളിലൊന്നായ ‘വ്യാപം’ (VYAPAM) അഴിമതി 2013-ൽ പുറത്തുവന്നു. പ്രീ-മെഡിക്കൽ ടെസ്റ്റ് (PMT) ഉൾപ്പെടെയുള്ള നിരവധി സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ കോപ്പിയടിയും ചോർച്ചയും ഇതിൽ ഉൾപ്പെടുന്നു
2012 – ദില്ലി (AIIMS പ്രവേശന പരീക്ഷ): ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) നടത്തിയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി പരാതി ഉയർന്നു
2008 – പ്രീ-മെഡിക്കൽ ടെസ്റ്റ് (PMT): വിവിധ സംസ്ഥാനങ്ങളിൽ നടന്ന മെഡിക്കൽ പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചോദ്യപ്പേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടു
2007 – AIEEE: ഓൾ ഇന്ത്യ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷന്റെ (AIEEE) ചോദ്യപ്പേപ്പർ ചില സംസ്ഥാനങ്ങളിൽ ചോർന്നതായി വാർത്തകൾ വന്നു
2006 – CBSE അക്കൗണ്ടൻസി: പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ദില്ലിയിൽ ചോർന്നു.
ചോദ്യപേപ്പർ ചോരുന്ന വഴികൾ (Modus Operandi)ഇത്തരം ചോർച്ചകൾക്ക് പിന്നിൽ കോച്ചിങ് സെന്ററുകൾ, ഉദ്യോഗസ്ഥർ, ഏജന്റുകൾ എന്നിവരടങ്ങുന്ന ഒരു വലിയ മാഫിയ തന്നെയുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തുന്നത്.
പ്രിന്റിങ് പ്രസ്സുകൾ: ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള സുരക്ഷാ വീഴ്ചകൾ.ട്രാൻസ്പോർട്ടേഷൻ: പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പറുകൾ എത്തിക്കുന്ന വഴിയിൽ വെച്ച് സീലുകൾ പൊട്ടിച്ച് ചോർത്തുന്നത്.ഡിജിറ്റൽ മാധ്യമങ്ങൾ: വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വളരെ വേഗത്തിൽ ചോദ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് വിൽക്കപ്പെടുന്നു
കേന്ദ്ര സർക്കാരിന്റെ പുതിയ കർശന നിയമം (Anti-Paper Leak Law)പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനായി കേന്ദ്ര സർക്കാർ ‘ദി പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട്, 2024’ (Public Examinations Act, 2024) നടപ്പിലാക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കടുത്ത ശിക്ഷകൾ നൽകുന്നത്.
സമരം നടത്താം… പ്രതിഷേധിക്കാം പക്ഷേ പൊതുമുതൽ നശിപ്പിച്ച് കൊണ്ടും ട്രെയിനിന് നേരെ കല്ലെറിഞ്ഞ് കൊണ്ടും ആവരുത്..restricted area യിലും സുരക്ഷ കാരണങ്ങളാൽ സമരം ചെയ്യരുത്.
നിലവിൽ, ഇറാൻ അമേരിക്ക യുദ്ധ കാലത്ത് പോലും വികസനത്തിലേക്ക് കുത്തിക്കുക ആണ് ഇന്ത്യ. അപ്പോൾ എങ്ങനെ എങ്കിലും ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ തെറ്റിദ്ധരിക്കപെട്ടു വിദേശ ഏജൻസികളുടെ കളിപ്പാവകൾ ആവുകയാണ് ഇവിടുത്തെ കുറച്ചു ചെറുപ്പക്കാർ. പൊതു ജനം ജാഗ്രതൈ!
(വാൽ കഷ്ണം…NEET കേസ് ഉണ്ടായ ആ മിനുട്ടിൽ തന്നെ പോലീസ് അന്വേഷണം തുടങ്ങി. CBI ക്ക് നൽകി
അന്വേക്ഷണം ആരംഭിച്ചു
പതിമൂന്നു പേരെ അറസ്റ്റും ചെയ്തു….
Exam cancel ചെയ്തു
Re- exam നടത്തി അതിന്റെ റിസൾട്ടും
വന്നു..മിടുക്കരായ ലക്ഷ കണക്കിന് വിദ്യാർത്ഥികൾ പാസായി. ചില സിനിമകൾ കൊണ്ടുള്ള അത്രയും ദോഷം വിദ്യാർത്ഥികൾക്ക് ഈ re exam എഴുതിയതിൽ ഇല്ല.. വീഴുക എന്നത് thettalla , വീണിട്ട് എഴുനേൽക്കാതെ ഇരിക്കുക എന്നതാണ് തെറ്റ് )

 

Share